| Monday, 5th August 2019, 2:29 pm

ഇന്ത്യന്‍ നടപടി യു.എന്‍.എസ്.സി ചട്ടങ്ങള്‍ക്കും കശ്മീരി ജനതയുടെ ആഗ്രഹങ്ങള്‍ക്കും വിരുദ്ധം; പ്രതികരിച്ച് പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിനുണ്ടായ പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റാനുമുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പ്രമേയം യു.എന്‍.എസ്.സി ചട്ടങ്ങള്‍ക്കും കശ്മീരി ജനതയുടെ ആഗ്രഹങ്ങള്‍ക്കും വിരുദ്ധമാണെന്നാണ് പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി ട്വിറ്റില്‍ കുറിച്ചത്.

കശ്മീരി ജനതയുടെ ആഗ്രഹത്തെ അടിസ്ഥാനമാക്കി സമാധാനപരമായ ഒരു പ്രമേയം അവതരിപ്പിക്കുകയാണെങ്കില്‍ തീര്‍ച്ചയായും പാകിസ്ഥാന്‍ പിന്തുണയ്ക്കുകയും അവരോടൊപ്പം നില്‍ക്കുകയും ചെയ്യുമായിരുന്നു- എന്നാണ് പാക് പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചത്.

ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബില്‍ അവതരിപ്പിച്ചത്.

വളരെ സുപ്രധാനമായ നിയമനിര്‍മാണമാണ് നടക്കാന്‍ പോകുന്നതെന്നും അതിനാല്‍ തന്നെ പതിവ് ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാറ്റിവെച്ച് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്.

എം.പിമാര്‍ക്ക് നേരത്തെ വിതരണം ചെയ്യാതെയാണ് പ്രമേയം അവതരിപ്പിച്ചത്. അമിത് ഷായെ സംസാരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അനുവദിക്കാതെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും ബഹളത്തിനിടെ അമിത് ഷാ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രമേയത്തിന് മേല്‍ ഇനി വോട്ടെടുപ്പ് നടക്കും.

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സാമ്പത്തിക സംവരണ ബില്ലിന് പുറമേ മൂന്ന് ബില്ലുകള്‍ക്ക് കൂടി ഉപരാഷ്ട്രപതി അനുമതി നല്‍കി. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും 100 ശതമാനം മറുപടി പറയാനും തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more