റിയാദ്: ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ എം.എം നരവനെയുടെ സൗദി സന്ദര്‍ശനം ലോകം ഉറ്റുനോക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ കരസേന മോധാവി സൗദി സന്ദര്‍ശിക്കുന്നത്.
സൗദി അറേബ്യയുടെ സാമ്പത്തിക നയങ്ങളിലെ മാറ്റമാണ് പാകിസ്താനുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്ന രാജ്യത്തെ ഇന്ത്യയോട് അടുപ്പിക്കുന്നത് എന്ന് നീരീക്ഷണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇന്ത്യ പാക് യുദ്ധത്തിന്റെ സമയത്ത് പാകിസ്താനെ സഹായിച്ച രാജ്യം വലിയ നയവ്യത്യാസത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.
പാകിസ്താനുമായുള്ള സൗദിയുടെ ബന്ധം ശിഥിലമായി കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ കരസേന മേധാവി സൗദി അറേബ്യയിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
കശ്മീര്‍ വിഷയത്തില്‍ അടിയന്തിരമായി ഒ.ഐ.സി സെഷന്‍ വിളിച്ചു ചേര്‍ക്കാത്തതില്‍ സൗദിക്കെതിരെ പാകിസ്താന്‍ വലിയ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സൗദി അറേബ്യയിലെത്തിയ പാക് ആര്‍മി തലവന്‍ ക്വമാര്‍ ജാവേദ് ബജ്‌വയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ട് കാണാതിരുന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
മുഹമ്മദ് ബിന്‍ സല്‍മാനെ കാണാന്‍ അനുമതി ലഭിക്കാത്ത ജാവേദ് അദ്ദേഹത്തിന്റെ സഹോദരനും സൗദിയുടെ ഉപ പ്രതിരോധമന്ത്രിയുമായ ഖാലിദ് ബിന്‍ സല്‍മാനെ കണ്ട് മടങ്ങുകയായിരുന്നു.
പാകിസ്താനും സൗദിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ സൗദിയേയും ഇന്ത്യേയേയും അടുപ്പിക്കുമെന്നാണ് ചില അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സൗദി സാമ്പത്തിക മേഖലയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കരണങ്ങളും ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്നത് സൗദിക്കും ഗുണകരമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വിപണി മാത്രം കേന്ദ്രീകരിച്ചായിരുന്നു സൗദിയുടെ സാമ്പത്തിക മേഖല പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സമീപകാലത്തായി മറ്റ് വാണിജ്യ മേഖലയിലേക്കും വിദേശ നിക്ഷേപത്തിലേക്കും സൗദി അറേബ്യ കടന്നിരുന്നു.
ഇതിന്റെ ഭാഗമായി തന്നെ സൗദി അറേബ്യയയിലെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളിലൊന്നായ അറാക്കോ ഇന്ത്യയില്‍ വന്‍ തുകയുടെ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു.
അതേസമയം ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം പാകിസ്താന് അഭികാമ്യമല്ല. ഇതിന്റെ ഭാഗമായി തന്നെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി അറേബ്യയയുമായി അനുരഞ്ജന ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ കരസേന മേധാവിയുടെ സന്ദര്‍ശത്തിന് തൊട്ടു മുന്‍പ് മുഹമ്മദ് ബിന്‍ സല്‍മാനെയും സൗദിയുടെ മറ്റ് രണ്ട് പ്രധാന ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര തലത്തില്‍ സംരക്ഷിക്കപ്പെടുന്ന പക്ഷിയായ ഹോബ്ര ബസ്റ്റാര്‍ഡിനെ വേട്ടയാടാന്‍ ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിരുന്നു.
പക്ഷി വേട്ട മുഹമ്മദ് ബിന്‍ സല്‍മാന്റെ വിനോദമാണെന്നിരിക്കെ അദ്ദേഹത്തെ സന്തോഷിപ്പിക്കാനാണ് ഇത്തരമൊരു നീക്കം ഇമ്രാന്‍ ഖാന്‍ നടത്തിയതെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. തുര്‍ക്കിയുമായുള്ള പാകിസ്താന്റെ ബന്ധമാണ് സൗദി അറേബ്യയെ പാകിസ്താനില്‍ നിന്നും അകറ്റുന്നത്.
പ്രതിരോധ മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്താനാണ് നരവനയുടെയും സൗദി അറേബ്യയുടെയും കൂടിക്കാഴ്ച പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇത് തന്നെയാണ് ഇന്ത്യയും സൗദിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യവും.