ന്യൂദല്‍ഹി: ജനീവയിലെ യു.എന്‍ ആസ്ഥാനത്ത് ഇന്ത്യയിലെ ന്യൂനപക്ഷ-സ്ത്രീ വിരുദ്ധത ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ.
പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വര്‍മ സ്വിസ് അംബാസിഡറായ റാഫ് ഹെക്‌നെറെ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ അടിസ്ഥാനരഹിതവും ക്ഷുദ്രകരവുമായ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകള്‍ ഉയര്‍ത്തിയെന്ന് ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം ജനീവയില്‍ എല്ലാവര്‍ക്കും പോസ്റ്റര്‍ വെക്കാന്‍ അനുവദിച്ച സ്ഥലത്താണ് ഈ പോസ്റ്ററുകള്‍ ഉള്ളതെന്നും അത് സ്വിസ് സര്‍ക്കാറിന്റെ അഭിപ്രായ പ്രകടനമല്ലെന്നും സ്വിസ് അംബാസിഡര്‍ റാഫ് ഹെക്‌നെര്‍ അറിയിച്ചു.
ഇന്ത്യയുടെ ആശങ്കകള്‍ ഗൗരവപൂര്‍വം തന്നെ അധികൃതരെ അറിയിക്കുമെന്നും ഹെക്‌നെര്‍ പറഞ്ഞു.
ഇന്ത്യയിലെ ക്രിസ്ത്യന്‍ സമുദായം ഭരണകൂട ഒത്താശയോട് കൂടിയുള്ള തീവ്രവാദത്തിനിരയാകുകയാണ്, ഇന്ത്യ സ്ത്രീകളെ അടിമകളായാണ് കാണുന്നത് തുടങ്ങിയ പോസ്റ്ററുകളാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ ബാലവിവാഹത്തെക്കുറിച്ചുമുള്ള പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചു.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ യോഗത്തിന് മുന്നോടിയായാണ് ജനീവയില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ പതിഞ്ഞത്.
നേരത്തേയും മനുഷ്യാവകാശ കൗണ്‍സിലിന്റെ യോഗത്തിന് മുന്നോടിയായി ഇത്തരം പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുള്ളതായി ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
content highlight: India’s Anti-Minority Posters at UN Headquarters; India summoned the Swiss ambassador