ന്യൂദൽഹി: ഇന്ത്യയുടെ വായു ഗുണനിലവാരം വർധിപ്പിക്കാനായി ആരംഭിച്ച പദ്ധതിക്കായി മാറ്റിവെച്ച 11,000 കോടി രൂപയുടെ വിവരം ഇല്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ട് ദി ക്വിൻ്റ്. 2019 മുതൽ, ഇന്ത്യാ ഗവൺമെൻ്റ് ഇന്ത്യയിലെ 130 നഗരങ്ങളിൽ ‘വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്’ 11,210.75 കോടി രൂപ അനുവദിച്ചിരുന്നു. നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിനും (NCAP) 15-ാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റിനു കീഴിലും ആണ് പണം അനുവദിച്ചത്.
എന്നാൽ ദി ക്വിൻ്റ് നടത്തിയ വിശദമായ അന്വേഷങ്ങളിൽ ബന്ധപ്പെട്ട നഗരങ്ങളിൽ ഈ തുകയുടെ വിനിയോഗം വളരെ കുറവാണെന്ന് കണ്ടെത്തി. 130 നഗരങ്ങളിൽ 68 നഗരങ്ങളിലെങ്കിലും ഫണ്ടുകളുടെ വിനിയോഗം 75 ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൽ അനുവദിച്ച ഫണ്ടിൻ്റെ 11ഉം 14 ഉം ശതമാനം മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്.
നിരവധി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ നൽകിയ ഡാറ്റയുടെ വിശകലനത്തിൽ, ഈ സംരംഭത്തിന് കീഴിലുള്ള ഫണ്ട് വിനിയോഗത്തിലും ക്രമക്കേടുകൾ കാണുന്നുണ്ട്. കൂടാതെ പല പ്രദേശങ്ങളിലും വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്താത്ത പൊടി-നിയന്ത്രണ പ്രവർത്തനങ്ങൾക്കായാണ് ഫണ്ട് ഉപയോഗിക്കുന്നത്.
NCAP പ്രോഗ്രാമിന് കീഴിൽ 82 നഗരങ്ങളിലേക്ക് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഫണ്ട് അനുവദിച്ചു. രണ്ട് വർഷമായിരുന്നു കാലാവധി. ഈ രണ്ട് വർഷത്തിനുള്ളിൽ പ്രോഗ്രാം അതിൻ്റെ സമയപരിധിയിലെത്തേണ്ടതാണ്.
എന്നാൽ ടാർഗെറ്റ് ചെയ്ത 131 നഗരങ്ങളിൽ 43 എണ്ണത്തിനും 20 ശതമാനത്തിൽ താഴെ മാത്രമാണ് പുരോഗതി ഉണ്ടായത്. അതേസമയം 31 നഗരങ്ങൾക്ക് ഒട്ടും പുരോഗതി ഉണ്ടായിട്ടുമില്ല. 12 നഗരങ്ങളിൽ ഫണ്ട് വിനിയോഗം 40 ശതമാനത്തിൽ താഴെയാണ്.
131 ടാർഗെറ്റ് നഗരങ്ങളിൽ 80 എണ്ണത്തിലും വായു മലിനീകരണത്തിൻ്റെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനും വായു മലിനീകരണ തോത് അവ എത്രമാത്രം വർധിപ്പിക്കുന്നു എന്ന് കണക്കാക്കുന്നതിനുമുള്ള പഠനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ 2024 ഒക്ടോബറിലെ കണക്കനുസരിച്ച് ആറ് നഗരങ്ങൾ അവരുടെ ഹോട്ട്‌സ്‌പോട്ട് ആക്ഷൻ പ്ലാനുകൾ സമർപ്പിച്ചിട്ടില്ല.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) 2019 ലാണ് എൻ.സി.എ.പി ആരംഭിച്ചത്. 2025-26 ഓടെ ടാർഗെറ്റ് നഗരങ്ങളിലെ വായു മലിനീകരണം 20-40% കുറയ്ക്കുക എന്ന ദേശീയതല ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. മലിനീകരണ ഉറവിടത്തെക്കുറിച്ച് പഠനം നടത്തുക, എയർ ആക്ഷൻ പ്ലാനുകൾ വികസിപ്പിക്കുക എന്നിവ പ്രോഗ്രാം ലക്ഷ്യമിടുന്നു.
Content Highlight: India’s Ambitious Air Clean-up Plan: Where Did ₹11,000 Crore Go?