കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം കൂടും; ഗീത ഗോപിനാഥ്
national news
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം കൂടും; ഗീത ഗോപിനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th January 2021, 7:58 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റും കേരള മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീത ഗോപിനാഥ്. കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കുന്നത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നാണ് ഗീത പറഞ്ഞത്.

ഇന്ത്യയ്ക്ക് സമഗ്രമായ പരിഷ്‌കാരങ്ങള്‍ ആവശ്യമുള്ള മേഖലകളിലൊന്നാണ് കാര്‍ഷിക മേഖലയെന്നും അതിനാല്‍ കര്‍ഷകര്‍ക്ക് സാമൂഹിക സുരക്ഷ നല്‍കാനും കേന്ദ്രം ശ്രമിക്കണമെന്നും ഗീത കൂട്ടിച്ചേര്‍ത്തു.

‘ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള വിപണി വിശാലമാക്കുന്നു. മണ്ഡി മാര്‍ക്കറ്റുകള്‍ക്ക് പുറമെ ധാരാളം വിപണികളില്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നു. ഇതിലൂടെ കര്‍ഷകരുടെ വരുമാനവും വര്‍ധിക്കും’, ഗീത പി.ടി.ഐയോട് പ്രതികരിച്ചു.

2020 സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്. നിയമത്തെ പിന്തുണച്ച് നിരവധി സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രംഗത്തെത്തിയതോടെ സ്ഥിതി വഷളാകുകയായിരുന്നു.

പ്രതിഷേധവുമായി ദല്‍ഹി അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി പ്രക്ഷോഭം നയിക്കുകയായിരുന്നു. ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ ദല്‍ഹിയിലേക്ക് കര്‍ഷകര്‍ ട്രാക്ടര്‍ റാലിയും സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടായത് വാര്‍ത്തയായിരുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ നിരവധി പേര്‍ക്കെതിരെയാണ് ദല്‍ഹി പൊലീസ് കേസെടുത്തിരുന്നത്. ഇതില്‍ കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ കര്‍ഷകന്‍ മരിച്ചത്. പൊലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലീസ് വാദം.

തിരിച്ചറിയാത്ത നിരവധി പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 22 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓരോ കേസിലും വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് നീക്കം.

കര്‍ഷകര്‍ 100 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും ദല്‍ഹി പൊലീസ് അവകാശപ്പെടുന്നുണ്ട്. 153 പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് വാദം.

കര്‍ഷകരില്‍ ചിലര്‍ പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്തുവെന്നും രാജ്യതലസ്ഥാനത്തേക്ക് അനുമതിയില്ലാതെ പ്രവേശിച്ചുവെന്നും ആരോപിച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയത്. കര്‍ഷകര്‍ക്ക് റാലി നടത്താന്‍ പൊലീസ് അനുവദിച്ച പാത തെറ്റിച്ച് ഒരു വിഭാഗം കര്‍ഷകര്‍ പോയെന്നും അതുകൊണ്ടാണ് എഫ്.ഐ.ആര്‍ ചുമത്തിയതെന്നും ദല്‍ഹി പൊലീസ് പറയുന്നു.

പ്രതിഷേധക്കാരെ കണ്ടെത്തുന്നതിനായി പൊലീസ് എല്ലാ സി.സി.ടി.വി, മൊബൈല്‍ ഫൂട്ടേജുകളും പരിശോധിച്ചിരുന്നു. ഫൂട്ടേജുകളുടെ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ചും പ്രത്യേക സംഘവും പൊലീസിനെ സഹായിക്കുകയായിരുന്നു.

പൊലീസിനെ അക്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കര്‍ഷകരുടെ മൊബൈല്‍ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തു.

അതേസമയം രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ശക്തമാക്കിയിരുന്നു. ദല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചിരുന്നു.

പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി അറിയിച്ചു. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ല. എന്നാല്‍ പൊലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും സമരസമിതി പറഞ്ഞിരുന്നു.

നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിംഗുവില്‍ നിന്ന് പുറപ്പെട്ട് ഗാസിപ്പൂര്‍ വഴിവന്ന സംഘമാണ് ആദ്യം ദല്‍ഹിയില്‍ പ്രവേശിച്ചത്. ഇവരെ പൊലീസ് തടഞ്ഞു. എന്നാല്‍ ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു.

ഐ.ടി.ഒയിലെത്തിയ ട്രാക്ടറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. ഇതില്‍ രോക്ഷം പൂണ്ട കര്‍ഷകര്‍ റോഡിന് കുറുകെയിട്ടിരുന്ന ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളും കണ്ടെയ്‌നറും മറിച്ചിട്ടു. ഇതിന് പിന്നാലെയാണ് ഇവര്‍ ചെങ്കോട്ടയിലേക്ക് എത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Geetha Gopinath Backs Farmers Law