| Sunday, 11th February 2024, 5:38 pm

ഇന്ത്യയുടെ ആറാം ലോകകപ്പിന് ഇനി 254 റണ്‍സ് ദൂരം

സ്പോര്‍ട്സ് ഡെസ്‌ക്

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ടോസ് നേടിയ ഓസ്‌ട്രേലിയ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് ആണ് നേടിയത്.

ഓപ്പണിങ് ഇറങ്ങിയ ഹാരി ഡിക്‌സോണ്‍ 56 പന്തില്‍ ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 42 റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയപ്പോള്‍ സാം കോണ്‍സ്റ്റസ് പൂജ്യം റണ്‍സിനാണ് പുറത്തായത്. ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ജന്‍ 66 പന്തില്‍ നിന്നും അഞ്ചു ബൗണ്ടറികള്‍ അടക്കം 48 റണ്‍സ് നേടി. ഹര്‍ജാസ് സിങ് 64 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടക്കം 55 റണ്‍സ് നേടി ഫൈനലില്‍ ടീമിനു വേണ്ടി ഏക അര്‍ധ സെഞ്ച്വറി നേടിക്കൊടുത്തു. 85.94 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആണ് താരം ബാറ്റ് വീശിയത്.

റിയാല്‍ ഹിക്‌സ് 20 റണ്‍സിന് പുറത്തായപ്പോള്‍ ഒല്ലി പീക്ക് 43 പന്തില്‍ നിന്ന് ഒരു സിക്‌സറും രണ്ട് ബൗണ്ടറികളും അടക്കം 46 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ രാജ് ലിംബാനിയുടെ മികച്ച പ്രകടനത്തിലാണ് ഓസീസിന്റെ റണ്ണൊഴുക്ക് തടഞ്ഞത്. 10 ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ ആണ് താരം നേടിയത്. അതേസമയം തിരുവാരി 63 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. പിന്‍ ബൗളര്‍ സൗമ്യകുമാര്‍ പാണ്ഡെ ഒരു വിക്കറ്റും മുഷീര്‍ ഖാന്‍ ഒരു വിക്കറ്റും നേടി.

ആറാം കിരീടത്തിനായി ഇന്ത്യ ഒരുങ്ങുമ്പോള്‍ ശക്തമായ പ്രതിരോധത്തിനാണ് ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ കരുക്കള്‍ നീക്കുന്നത്. 2023 ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ കപ്പ് ഉയര്‍ത്തിയതിന് പകരം വീട്ടാനാണ് ഇപ്പോള്‍ ഇന്ത്യന്‍ യുവനിരക്ക് അവസരം വന്നിരിക്കുന്നത്.

Content Highlight: India’s 6th World Cup is 254 away

We use cookies to give you the best possible experience. Learn more