മെസിയുടെ അര്‍ജന്റീന മാത്രമല്ല, ഛേത്രിയുടെ ഇന്ത്യയും നിസാരക്കാരല്ല; ഫിഫ റാങ്കിങ്ങില്‍ നേട്ടം
football news
മെസിയുടെ അര്‍ജന്റീന മാത്രമല്ല, ഛേത്രിയുടെ ഇന്ത്യയും നിസാരക്കാരല്ല; ഫിഫ റാങ്കിങ്ങില്‍ നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th April 2023, 11:07 pm

2023ലെ ആദ്യ ഫിഫ റാങ്കിങ് ചാര്‍ട്ട് ഇന്ന് പുറത്തിറക്കിയിരുന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന പുതുക്കിയ പട്ടിയകയില്‍ ഒന്നാമത്. ലാറ്റിന മേരിക്കയിലെ മറ്റൊരു വമ്പന്മാരയ ബ്രസീലിനെ മറികടന്നാണ് മെസിയും സംഘവും ആറ് വര്‍ഷത്തിന് ശേഷം ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്.

അതിനിടയില്‍ ഇന്ത്യന്‍ ദേശീയ ടീമിനും ഫിഫ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാനായി. 106ാമതായിരുന്ന ടീം ഇന്ത്യ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 101ലേക്കെത്തി. അടുത്തിടെ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ മ്യാന്‍മറിനും കിര്‍ഗിസ്ഥാനുമെതിരായ വിജയങ്ങളാണ് ബ്ലൂ ടൈഗേര്‍സിന് സ്ഥാനം മെച്ചപ്പെടുത്താന്‍ സഹായിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 22നായിരുന്നു ഇതിന് മുമ്പ് അവസാനം ഫിഫ ചാര്‍ട്ട് പുതുക്കിയിരുന്നത്. നിലവില്‍ ഇന്ത്യയിപ്പോള്‍ ന്യൂസിലന്‍ഡിനേക്കാള്‍ ഒരു സ്ഥാനം താഴെയും കെനിയയേക്കാള്‍ ഒരു സ്ഥാനം മുകളിലുമാണ്.

ഇഗോര്‍ സ്റ്റിമാക് പരിശീലിപ്പിക്കുന്ന ടീം ഇന്ത്യ 1200.66 പോയിന്റുമായി 46 ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ 19-ാം സ്ഥാനത്താണ്. 1996ല്‍ നേടിയ 94-ാം റാങ്കായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച റാങ്കിങ്. ഇതിനിടയില്‍ അപൂര്‍വമായേ ടീം ആദ്യ 100ല്‍ എത്തിയിട്ടുള്ളൂ.

അര്‍ജന്റീനയെ കൂടാതെ ഫ്രാന്‍സ്, ബ്രസീല്‍, ബെല്‍ജിയം, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ ടീമുകളാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് ടീമുകള്‍.