കനേഡിയൻ പൗരന്മാർക്കുള്ള വിസാ സേവനം പുനരാരംഭിച്ച് ഇന്ത്യ
ന്യൂദൽഹി: കാനഡയിലെ തെരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് വിസാ സേവനം പുനരാരംഭിച്ച് ഇന്ത്യ. എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ എന്നീ വിഭാഗങ്ങളിലാണ് സേവനങ്ങൾ പുനരാരംഭിക്കുന്നതെന്ന് കാനഡയിലെ ഇന്ത്യൻ ഹൈ കമ്മീഷൻ എക്‌സിൽ അറിയിച്ചു.
‘നിലവിൽ തുടരുന്നത് പോലെ ഹൈ കമ്മീഷനും കോൺസുലേറ്റ് ജനറലും അടിയന്തര സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് തുടരും,’ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
41 കനേഡിയൻ ഡിപ്ലോമാറ്റുകളെ പുറത്താക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പുതിയ നടപടി.
വിയന്ന കൺവെൻഷൻ ഇന്ത്യ ലംഘിച്ചുവെന്നും ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നുമുള്ള കാനഡയുടെ ആരോപണത്തെ അമേരിക്കയും ബ്രിട്ടനും പിന്തുണച്ചിരുന്നു. എന്നാൽ കൺവെൻഷൻ ചട്ടങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് ഇന്ത്യൻ നടപടിയെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചിരുന്നു.
കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ചണ്ഡീഗഢിലെയും മുംബൈയിലെയും ബെംഗളൂരുവിലെയും കോൺസുലേറ്റുകളുടെ പ്രവർത്തനം കാനഡ അവസാനിപ്പിച്ചിരുന്നു. തുടർന്ന്, ഇന്ത്യൻ പൗരന്മാർക്ക് കാനഡ വിസാ സേവനങ്ങൾ നിർത്തലാക്കുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു.
കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമായാൽ ഉടൻ തന്നെ വിസ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ജയ്ശങ്കർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഖലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജാറിൻറെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ തുടർന്ന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനു പിന്നാലെയാണ് കനേഡിയൻ പൗരന്മാർക്കുള്ള വിസാ സേവനങ്ങൾ രാജ്യം താൽക്കാലികമായി നിർത്തിവെച്ചത്.
Content Highlight: India resume visa services for Canada in selected categories