| Tuesday, 17th September 2024, 9:09 am

ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ദുരിതത്തിലെന്ന് ഖമേനി; ആദ്യം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പരിശോധിക്കണമെന്ന് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ദുരിതത്തിലാണെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇറാന്‍ നേതാവിന്റെ പരാമര്‍ശം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണെന്നും പറഞ്ഞ ഇന്ത്യ ഖമേനി ആദ്യം സ്വന്തം രാജ്യത്തെ മുസ്‌ലിങ്ങളുടെ അവസ്ഥ പരിശോധിക്കണമെന്നും മറുപടി നല്‍കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്.

‘ഇന്ത്യയിലെ ന്യൂന പക്ഷങ്ങളെക്കുറിച്ചുള്ള ഇറാന്‍ പരാമോന്നത നേതാവിന്റെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അത് തീര്‍ത്തും തെറ്റായതും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന രാജ്യങ്ങള്‍ ആദ്യം അവരുടെ സ്വന്തം രാജ്യത്തെ റെക്കോര്‍ഡുകള്‍ പരിശോധിക്കേണ്ടതാണ്,’ വിദേശകാര്യ വക്താവ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞദിവസം നബിദിനത്തോട് അനുബന്ധിച്ച് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഖമേനി ഇന്ത്യയിലേയും ഗസയിലേയും മ്യാന്‍മാറിലേയും മുസ്‌ലിങ്ങള്‍ ദുരിതത്തില്‍ ആണെന്ന് പരാമര്‍ശം പങ്കുവെച്ചത്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ പലപ്പോഴും ഇസ്‌ലാമുകളെ നിസംഗരാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യ, മ്യാന്‍മാര്‍, ഗസ എന്നിവിടങ്ങളിലെ മുസ്‌ലിങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കാണാതെപോയാല്‍ നാം സ്വയം മുസ്‌ലിം ആണെന്ന് കണക്കാക്കാനാകില്ല എന്നായിരുന്നു ഖമനേനിയുടെ പരാമര്‍ശം.

അതേസമയം മറ്റൊരു എക്സ് പോസ്റ്റില്‍ ഗസയിലെയും ഫലസ്തീനിലെയും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അവസ്ഥയെ അപലപിച്ച ഖമേനി ഇസ്ലാമിക സമൂഹത്തിന്റെ ഐക്യത്തിലൂടെ മാത്രമേ ഇത്തരം അവസ്ഥകളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളു എന്നും പറയുന്നുണ്ട്.
ദുരിതം അനുഭവിക്കുന്നവരെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെ കടമയാണെന്ന് പറഞ്ഞ ഖമേനി ഈ കടമ അവഗണിക്കുന്നവരെ തീര്‍ച്ചയായും ദൈവം ചോദ്യം ചെയ്യുമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

ഇന്ത്യയും ഇറാനും വര്‍ഷങ്ങളായി മികച്ച നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്ന രണ്ട് രാജ്യങ്ങളാണ്. ഏഷ്യന്‍ മേഖലയിലെ തന്ത്രപ്രധാനമായ ഇറാനിയന്‍ തുറമുഖമായ ചബഹാറിന്റെ നടത്തിപ്പില്‍ ഇന്ത്യയും ഇറാനും സംയുക്ത പങ്കാളികളാണ്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മുന്‍ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി, മുന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാന്‍ എന്നിവര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അനുശോചന ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും പങ്കെടുത്തിരുന്നു. കൂടാതെ ജൂലൈയില്‍ ടെഹ്റാനില്‍ വെച്ചുനടന്ന ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞ ചടങ്ങിലും ഇന്ത്യയുടെ സാന്നിധ്യമുണ്ടായിരുന്നു.

എന്നാല്‍ ഇതാദ്യമായല്ല ഇന്ത്യയിലെ മുസ്‌ലിങ്ങളെപ്പറ്റി ഖമേനി സംസാരിക്കുന്നത്. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴുംഇന്ത്യയിലെ മുസ്‌ലിങ്ങളെക്കുറിച്ച് ഖമേനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കശ്മീരിലെ മുസ്‌ലിങ്ങളുടെ അവസ്ഥയെക്കുറിച്ച് ഇറാന് ആശങ്കയുണ്ടെന്നും എന്നാല്‍ കശ്മീരിലെ സാധാരണക്കാരായ ജനങ്ങളോട് ഇന്ത്യന്‍ ഗവണ്‍മെന്റ് നീതിപൂര്‍വമായ നയം സ്വീകരിക്കണമെന്നും എക്‌സില്‍ പങ്ക് വെച്ച കുറിപ്പില്‍ പറഞ്ഞത്. അതേസമയം കശ്മീരിലെ മുസ്‌ലിങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലും ഭീഷണിയും ഇന്ത്യ തടയുമെന്ന് ഇറാന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഖമേനി അന്ന് പറഞ്ഞിരുന്നു.

Content Highlight: India responds to Iran’s Supreme Leader Ali Khamenei’s statement on Indian Muslims

We use cookies to give you the best possible experience. Learn more