| Tuesday, 26th May 2015, 3:11 pm

നേപ്പാള്‍: ദുരന്തങ്ങള്‍ക്ക് പിന്നാലെ മനുഷ്യക്കടത്ത്; കുട്ടികള്‍ക്ക് രക്ഷകരായി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ഭുകമ്പത്തില്‍ എല്ലാം നഷ്ടപ്പെടുത്തിയ നേപ്പാളിലെ പെണ്‍കുട്ടികളെയും സത്രീകളെയും ലൈംഗിക വൃത്തിക്ക് വേണ്ടി തെക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടപോകുന്നതായി റിപ്പോര്‍ട്ട്. ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോകുന്ന ഇവര്‍ ലൈംഗിക ചൂഷണത്തിനാണെന്ന് അറിയാതെയാണ് ഏജന്റുകളുടെ വലയിലകപ്പെടുന്നത്.

തെക്കനേഷ്യന്‍ രാജ്യങ്ങളിലേക്കല്ലാതെ ഇന്ത്യയിലേക്കും നേപ്പാളികളെ കടത്തുന്നുണ്ട്. കഴിഞ്ഞ ഇരുപത് ദിവസങ്ങളിലായി ഇരുപത്തിയാറ് കുട്ടികളെയാണ് ഇന്ത്യയില്‍ പിടിക്കപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തതെന്ന് ബിഹാറിലെ ചമ്പാരന്‍ ജില്ലയിലെ മുതിര്‍ന്ന ലേബര്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു.

കുട്ടികള്‍ക്ക് നല്ല ജോലിയും ജീവിതവും വാഗ്ദാനം നല്‍കിയാണ് ഇന്ത്യയിലേക്ക് കുട്ടികളെ കടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ബാഗ് നിര്‍മ്മാണശാലയിലേക്ക് കുട്ടികളെ കടത്തുന്നതിനിടയില്‍ നാല് മനുഷ്യക്കടത്തുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയതായും സഞ്ജീവ് കുമാര്‍ പറഞ്ഞു.

എട്ടിനും പതിനാലിനും മധ്യേയുള്ള കുട്ടികളെയാണ് ഇന്ത്യയിലേക്ക് ബാലവേലക്കായി കൊണ്ടുവരുന്നത്. നേപ്പാളില്‍ ജോലി ചെയ്യുന്ന വടക്കു കിഴക്കന്‍ ഇന്ത്യന്‍ തൊഴിലാളികളുടെ കൂടെയാണ് ഇവരെ ഇന്ത്യയിലേക്കെത്തിക്കുന്നത്. കാര്യമായ പരിശോധനയൊന്നുമില്ലാതെ തന്നെ നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചും തൊഴിലാളികള്‍ക്ക് സഞ്ചരിക്കാനാവുന്നത് കൊണ്ട് ഇവരെ കാരിയര്‍ ആയി ഇത്തരം മാഫിയകള്‍ ഉപയോഗിക്കുന്നുണ്ട്. നിയമം മൂലം ബാലവേല നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടിക്കടത്തിന് കുറവൊന്നുമില്ല.

കഴിഞ്ഞ ആഴ്ച ലുധിയാനയിയിലെ ഒരു തുണി നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും 8 നേപ്പാളികളടക്കം 28 കുട്ടികളെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ രക്ഷപ്പെടുത്തിയത്. അധികാരത്തില്‍ സ്വാധീനമുള്ള ഇവര്‍ പിഴയൊടുക്കി രക്ഷപ്പെടാറാണ് പതിവ്. ബാലവേല തുടച്ചുനീക്കാന്‍ പല പദ്ധതികളും ആവിഷ്‌കരിച്ചെങ്കിലും പ്രശ്‌നം ഇപ്പോഴും രൂക്ഷമായി തന്നെ തുടരുകയാണെന്ന് ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.

നേപ്പാള്‍ സര്‍ക്കാര്‍ മനുഷ്യക്കടത്ത് തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തരം മാഫിയകള്‍ക്കെതിരെ ചെറുതായെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് നേപ്പാളി മനുഷ്യാവകാശപ്രവര്‍ത്തകന്‍ പറഞ്ഞു. ഭൂകമ്പം കൂടി വന്നതോട് കൂടി സ്ഥിതിഗതികള്‍ നേരത്തേതിലും രൂക്ഷമാക്കിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more