| Wednesday, 22nd April 2020, 11:45 am

20,000ത്തിനടുത്ത് കൊവിഡ് ബാധിതര്‍, 24 മണിക്കൂറിനുള്ളില്‍ 1300ലേറെ രോഗബാധ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ബുധനാഴ്ചവരെയുള്ള കണക്കനുസരിച്ച് 19,984 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

1300 ലേറെ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 50 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 640 ആയി ഉയര്‍ന്നു.

രാജ്യത്ത് 15,474 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. അതില്‍ 3870 പേര്‍ക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് 5,218 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

232 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ഹോട്ട്‌സ്പോട്ടായി മാറിയിരിക്കുകയാണ് മുംബൈ. മഹാരാഷ്ട്രയില്‍ രോഗം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗുജറാത്ത് ദല്‍ഹിയെ മറികടന്ന് രണ്ടാമതെത്തി. ദല്‍ഹിയില്‍ 2156 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തത്. ഗുജറാത്തില്‍ 2178 കേസുകളും റിപ്പോര്‍ട്ടു ചെയ്തു.

രാജസ്ഥാനും തമിഴ്‌നാടുമാണ് തൊട്ടു പിന്നിലുള്ളത്. രാജസ്ഥാനില്‍ 1659 കേസുകളും തമിഴ്‌നാട്ടില്‍ 1,596 കേസുകളും റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more