ന്യൂദല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,86,452 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 31,70,228 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
3498 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ മരണസംഖ്യ 2,08,330 ആയി ഉയര്‍ന്നു. പുതുതായി 2,97,540 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ എണ്ണം 1,53,84,418 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെയും 60,000ലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. പുതുതായി 66,159 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 771 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏഴുലക്ഷത്തിലേക്ക് അടുക്കുകയാണ്. 6,70,301 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 17,897 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 107 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 13,933 ആയി ഉയര്‍ന്നു.
ഗുജറാത്തില്‍ 14,327 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പുതുതായി 17,269 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 24മണിക്കൂറിനിടെ 158 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശില്‍ 35,156 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 298 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
ബിഹാറില്‍ 24 മണിക്കൂറിനിടെ 13,089 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആന്ധ്രാപ്രദേശില്‍ 14,792 പേര്‍ക്ക് കൂടി കൊവിഡ് പിടിപെട്ടു.
കര്‍ണാടകയില്‍ ഇന്ന് 35,024 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 19,637 പേരും ബെംഗളൂരു നിവാസികളാണ്. ബെംഗളൂരുവില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 270 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനില്‍ പങ്കെടുക്കാനാകില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്, ദല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തില്‍ 18-45 വയസ് വരെയുള്ളവരുടെ വാക്‌സിനേഷന്‍ മെയ് 1 ന് തന്നെ ആരംഭിക്കാന്‍ കഴിയില്ലെന്നും വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കുന്ന 45 വയസിന് മുകളിലുള്ളവര്‍ക്കാകും മുന്‍ഗണന നല്‍കുകയെന്ന് കേരളവും അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് വാക്‌സിന്‍ പ്രതിസന്ധിയും ക്ഷാമവും രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ മെയ് 1 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്‌സിന്‍ നേരിട്ട് സംസ്ഥാനങ്ങള്‍ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlight: India reports 3,86,452 new Covid-19 cases, 3,498 deaths in last 24 hours