ന്യൂദല്‍ഹി: മുത്തലാഖ് ബില്‍ പാസാക്കിയത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
പുരാതനവും മധ്യകാലത്തെയും ഒരു സമ്പ്രദായം ഒടുവില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളി. പാര്‍ലമെന്റ് മുത്തലാഖ് നിര്‍ത്തലാക്കുകയും മുസ്ലീം സ്ത്രീകളോട് ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തുകയും ചെയ്യുന്നു. ഇത് ലിംഗനീതിയുടെ വിജയമാണ്, അത് സമൂഹത്തില്‍ കൂടുതല്‍ തുല്യത കൈവരിക്കും. ഇന്ത്യ ഇന്ന് സന്തോഷിക്കുന്നു എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
അതേസമയം 2014 മുതല്‍ രാജ്യത്ത് മുസ്ലീങ്ങള്‍ നേരിടുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് മുത്തലാഖ് ബില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊണ്ടും പൊലീസ് ഭീകരതകൊണ്ടും ന്യൂനപക്ഷങ്ങളെ തകര്‍ക്കാനാവില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതിനു പിന്നാലെ നടന്ന വോട്ടെടുപ്പിലും സര്‍ക്കാരിന് അനുകൂലമായാണു കാര്യങ്ങള്‍ സംഭവിച്ചത്. ഇതോടെ മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള നിയമം രൂപീകൃതമാകും.
99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പിനിടെ എ.ഐ.ഡി.എം.കെ, ജെ.ഡി.യു അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. ബി.എസ്.പി, ടി.ആര്‍.എസ്, ടി.ഡി.പി പാര്‍ട്ടി അംഗങ്ങള്‍ ആരുംതന്നെ സഭയിലുണ്ടായില്ല.
നേരത്തേ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യത്തെ 100 പേര്‍ എതിര്‍ത്തപ്പോള്‍ അനുകൂലിച്ചത് 84 പേരാണ്.
ബില്ലില്‍ ഭേദഗതി വേണമെന്നുള്ളതുകൊണ്ടാണ് അത് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം മുന്നോട്ടുവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ബില്ലിനെതിരെ വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
നേരത്തെ രണ്ടുതവണ ബില്‍ രാജ്യസഭയില്‍ കൊണ്ടുവന്നപ്പോഴും പാസായിരുന്നില്ല. രാജ്യസഭയില്‍ ബില്‍ പാസാകണമെങ്കില്‍ 121 പേരുടെ പിന്തുണയാണ് സര്‍ക്കാറിന് ആവശ്യമുള്ളത്. 107 പേര്‍ എന്‍.ഡി.എയുടേതായി രാജ്യസഭയിലുണ്ട്.
മുസ്ലിം പുരുഷന്‍മാര്‍ക്ക് എതിരെ മാത്രം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജന്‍സികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്കയാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്നത്.
DoolNews Video