| Wednesday, 30th August 2023, 8:44 am

ചൈനയുടേത് അടിസ്ഥാനരഹിതമായ അവകാശവാദം; തള്ളി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അരുണാചല്‍പ്രദേശും അക്‌സായി ചിന്‍ മേഖലയും ഉള്‍പ്പെടുത്തി ചൈന പുറത്തിറക്കിയ പുതിയ ഭൂപടത്തെ തള്ളി ഇന്ത്യ. സംഭവത്തില്‍ നയതന്ത്രചാനല്‍ വഴി ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്തം ബാക്ചി പറഞ്ഞു. ചൈനയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അടിസ്ഥാനരഹിതമായ ഇത്തരം അവകാശ വാദങ്ങളെ തള്ളുന്നു. ചൈനയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടികള്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ,’ അരിന്തം ബാക്ചി പറഞ്ഞു.

തിങ്കളാഴ്ചയാണ് ഇന്ത്യയിലെ അരുണാചല്‍പ്രദേശും അക്‌സായ് ചിന്‍ മേഖലയും ഉള്‍പ്പെടുത്തി കൊണ്ട് ചൈന 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയത്. ഭൂപടത്തില്‍ തായ്‌വാനെയും ദക്ഷിണ ചൈന കടലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ചൈനയുടെ ഔദ്യോഗിക ഭൂപടത്തിന്റെ 2023ലെ പതിപ്പ് തിങ്കളാഴ്ച പുറത്തിറങ്ങി. ചൈനയുടെ പ്രകൃതി മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയത്,’ ഗ്ലോബര്‍ ടൈംസ് ട്വീറ്റ് ചെയ്തു.

ഇത്തരത്തിലുള്ള അവകാശവാദം ഉന്നയിക്കുന്ന ശീലം ചൈനക്കുണ്ടെന്ന് പറഞ്ഞുകൊണ്ട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ചൈനയുടെ അവകാശവാദത്തെ തള്ളി രംഗത്തെത്തി. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ട് മറ്റുള്ള രാജ്യങ്ങളുടെ ഭൂപ്രദേശങ്ങള്‍ ചൈനയുടേതായി മാറില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘ചൈന തങ്ങളുടേതല്ലാത്ത ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കിയിട്ടുണ്ട്. ഇത് അവരുടെ ഒരു പഴയ ശീലമാണ്. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടങ്ങള്‍ പുറത്തിറക്കാന്‍ മാത്രമാണ് പറ്റുക, ഇതിലൊന്നും ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ഞങ്ങളുടെ ഭൂപ്രദേശങ്ങള്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട്. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ട് മറ്റുള്ള രാജ്യങ്ങളുടെ ഭൂപ്രദേശങ്ങള്‍ നിങ്ങളുടേതായി മാറില്ല,’ എസ്. ജയ്ശങ്കര്‍ പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ എത്താനിരിക്കെയാണ് ചൈന ഭൂപടം പുറത്തിറക്കിയിരിക്കുന്നത്.

Content Highlights: India reject chinas new map that shows arunachalpradesh as its part

We use cookies to give you the best possible experience. Learn more