അവര്‍ ആദ്യം തീവ്രവാദികളെ സഹായിക്കുന്നത് അവസാനിപ്പിക്കട്ടെ. എന്നിട്ടാകാം ചര്‍ച്ച; സാര്‍ക്ക് ഉച്ചകോടിയ്ക്കുള്ള പാക്കിസ്ഥാന്റെ ക്ഷണം തള്ളി സുഷമ സ്വരാജ്
national news
അവര്‍ ആദ്യം തീവ്രവാദികളെ സഹായിക്കുന്നത് അവസാനിപ്പിക്കട്ടെ. എന്നിട്ടാകാം ചര്‍ച്ച; സാര്‍ക്ക് ഉച്ചകോടിയ്ക്കുള്ള പാക്കിസ്ഥാന്റെ ക്ഷണം തള്ളി സുഷമ സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th November 2018, 5:33 pm

വാഗാ: സാര്‍ക് ഉച്ചകോടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളി. ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച് പോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. ഇതോടെ ഉച്ചകോടി തന്നെ നടക്കാനുള്ള സാധ്യത ഇല്ലാതായിരിക്കുകയാണ്.

“ഉച്ചകോടിയ്ക്കുള്ള ക്ഷണം അവര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ക്ഷണം സ്വീകരിക്കുന്നില്ല. പാക്കിസ്ഥാന്‍ ഭീകരര്‍ക്കുള്ള സഹായം നിര്‍ത്തുന്നത് വരെ അവരുമായി ചര്‍ച്ചയ്ക്ക്  ഒരുക്കമല്ല. സുഷമാ സ്വരാജ് വ്യക്തമാക്കി.

ALSO READ: താലിബാനുമായി സമാധാന ചര്‍ച്ചയ്‌ക്കൊരുങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍

അതേസമയം ഗുരുനാനാക്കിന്റെ സമാധി സ്ഥലത്തേക്കുള്ള പാതയുടെ ഉദ്ഘാടനത്തിന് സുഷമാ സ്വരാജ് പങ്കെടുത്തില്ല. തിരക്ക് മൂലമാണ് പങ്കെടുക്കാതിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി . പകരം ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി കേന്ദ്രമന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദലിനേയും ഹര്‍ദീപ് സിംഗ് പുരിയേയുമാണ് അയച്ചത്.

പാതയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിലൂടെ നയതന്ത്ര തര്‍ക്കത്തിലെ മഞ്ഞുരുകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ബി.ജെ.പി.യുടെ ഉന്നത നേതാക്കള്‍ പോയി സംഘപരിവാര്‍ അണികള്‍ക്കിടയില്‍ രോഷമുണ്ടാക്കണ്ട എന്ന തീരുമാനത്തെ തുടര്‍ന്നാണ് ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.