ന്യൂദല്‍ഹി: കശ്മീരില്‍ ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം ഉണ്ടാക്കുന്ന പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നല്‍കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി.
അടിക്കു തിരിച്ചടി നല്‍കാന്‍ ഇന്ത്യ സജ്ജമാണ്. നുഴഞ്ഞുകയറ്റം വരുംദിവസങ്ങളില്‍ കൂടാന്‍ സാധ്യത ഉണ്ടെന്നും സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഷോപ്പിയാനിലെ 25 ഗ്രാമങ്ങളില്‍നിന്നു നാട്ടുകാരെ ഒഴിപ്പിച്ച സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ നടത്തി.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കശ്മീരില്‍ പരിശോധനകള്‍ നടത്തിയതെന്നു റാവത്ത് വ്യക്തമാക്കി. ബാങ്കുകള്‍ കൊള്ളയടിക്കപ്പെടുകയാണ്. പൊലീസുകാര്‍ കൊല്ലപ്പെടുന്നു. ഇതുകൊണ്ടാണ് പരിശോധനകള്‍ നടത്തിയത്. ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കാനുള്ള നടപടികളും എടുത്തതെന്നും റാവത്ത് പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം തെക്കന്‍ ഷോപ്പിയാനിലെ കോടതി സമുച്ചയം സംരക്ഷിക്കുന്ന പൊലീസ് പോസ്റ്റില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ ആയുധങ്ങള്‍ തട്ടിയെടുത്തിരുന്നു. അഞ്ച് സര്‍വീസ് തോക്കുകള്‍, നാല് ഇന്‍സാസ്, ഒരു എകെ 47 തോക്ക് എന്നിവയാണു തട്ടിയെടുത്തത്. ഇതുകൂടാതെ, ബുധനാഴ്ച പുല്‍വാമയിലെ രണ്ടു ബാങ്കുകള്‍ കൊള്ളയടിക്കപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ലഷ്‌കറെ തൊയ്ബ ഭീകരരാണെന്നു കണ്ടെത്തിയിട്ടുണ്ട്.