ഒറ്റ ജയം കൊണ്ടെത്തിച്ചത് ശ്രീലങ്കയുടെ ആരുംതൊടാത്ത റെക്കോഡിനൊപ്പം; ടി-20 ലോകകപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യ
Cricket
ഒറ്റ ജയം കൊണ്ടെത്തിച്ചത് ശ്രീലങ്കയുടെ ആരുംതൊടാത്ത റെക്കോഡിനൊപ്പം; ടി-20 ലോകകപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd June 2024, 12:38 pm

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 50 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന ശ്രീലങ്കയുടെ റെക്കോഡിനൊപ്പമെത്താനാണ് രോഹിത് ശര്‍മക്കും സംഘത്തിനും സാധിച്ചത്. ടി-20 ലോകകപ്പില്‍ 49 മല്‍സരങ്ങളില്‍ നിന്നും 33 വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതില്‍ 15 മത്സരങ്ങള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം ഫലമില്ലാതെ പോവുകയുമായിരുന്നു. മറുഭാഗത്ത് ശ്രീലങ്ക 51 മത്സരങ്ങളില്‍ ടി-20 ലോകകപ്പില്‍ നിന്നും മൊത്തം 33 വിജയവും 21 തോല്‍വിയുമാണ് നേടിയത്.

ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച ടീം, വിജയിച്ച മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍

ഇന്ത്യ-33*

ശ്രീലങ്ക-33

ഓസ്‌ട്രേലിയ-30

സൗത്ത് ആഫ്രിക്ക-30

പാകിസ്ഥാന്‍-30

27 പന്തില്‍ പുറത്താവാതെ 50 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടലിലേക്ക് മുന്നേറിയത്. നാല് ഫോറുകളും മൂന്ന് സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. വിരാട് കോഹ്ലി 28 പന്തില്‍ 37 റണ്‍സും റിഷബ് പന്ത് 24 പന്തില്‍ 36 റണ്‍സും ശിവം ദുബെ 24 പന്തില്‍ 34 റണ്‍സും നേടി നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ബംഗ്ലാദേശ് തകരുകയായിരുന്നു.

Content Highlight: India Reached Sri lanka Record in T2O world cup