| Tuesday, 26th December 2023, 7:09 pm

യു.എസിലെ അനധികൃത കുടിയേറ്റത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്; ന്യൂനപക്ഷങ്ങളോടുള്ള മോദിയുടെ സമീപനം കുടിയേറ്റത്തിന് കാരണമെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമേരിക്കയിലെ അനധികൃത കുടിയേറ്റത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യന്‍ പൗരന്മാരാണെന്ന് റിപ്പോര്‍ട്ട്. യു.എസില്‍ അടുത്ത കാലത്തായി അനധികൃത ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന വിവരങ്ങള്‍ യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്തുവിട്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഔദ്യോഗിക രേഖകളില്ലാതെ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 96,917 വരുമെന്നണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഏതാനും സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിക്കുകയുണ്ടായി.

10 വര്‍ഷം മുമ്പ് യു.എസിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം 1,500 ആയിരുന്നുവെന്നും 2019 വരെ ഇതുമായി ബന്ധപ്പെട്ട കണക്ക് പതിനായിരത്തിന് താഴെയായിരുന്നുവെന്നും സഹമന്ത്രി പറഞ്ഞു. എന്നാല്‍ 2023ല്‍ ഇത് ഒരു ലക്ഷത്തിലേറെയായി വര്‍ധിച്ചുവെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റം ഇന്ത്യയിലെ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരവധി ദക്ഷിണേഷ്യന്‍ അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

മെക്സിക്കോയിലും എല്‍ സാല്‍വഡോറിലുമാണ് യു.എസില്‍ ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാര്‍ ഉള്ളതെന്നാണ് വിലയിരുത്തല്‍. അതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തും. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ലോറിഡ, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഇല്ലിനോയ് തുടങ്ങിയ ഐക്യനാടുകളില്‍ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ ഗണ്യമായ സാന്ദ്രതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2021ലെ കണക്കുകള്‍ പ്രകാരം യു.എസിലെ തൊഴില്‍ സേനയില്‍ വര്‍ധിച്ച തോതില്‍ അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇത് ഏകദേശം 4.6 ശതമാനമാണെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് അനധികൃത കുടിയേറ്റം വര്‍ധിക്കാന്‍ കാരണമായത് പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയങ്ങളാണെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചു.

Content Highlight: India ranks third in illegal immigration in the US

We use cookies to give you the best possible experience. Learn more