| Friday, 3rd May 2024, 9:52 pm

2024ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചിക; ജനാധിപത്യ രാജ്യമായ ഇന്ത്യ പാകിസ്ഥാനേക്കാളും പിറകില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ പാകിസ്ഥാനേക്കാളും പിന്നിലേക്ക് കൂപ്പുകുത്തി ഇന്ത്യ. 180 രാജ്യങ്ങളില്‍ 159ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

152ാം സ്ഥാനത്താണ് അയല്‍രാജ്യമായ പാകിസ്ഥാനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യക്ക് ഭീഷണിയാകുന്നതാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടനയാണ് വാര്‍ഷിക സൂചിക പ്രസിദ്ധീകരിച്ചത്. 2014 മുതല്‍ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട് കൊണ്ട് ആര്‍.എസ്.എഫ് പറഞ്ഞു. ഇന്ത്യയിലെ മാധ്യമങ്ങള്‍ അനൗദ്യോഗിക അടിയന്തരാവസ്ഥ നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എഫ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ റാങ്കിങ് പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളേക്കാള്‍ താഴെയാണ്. ഇത് ഒരു ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും കൂടുതല്‍ ക്രൂരമായ നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കിയതാണ് ഇതിന് പിന്നിലെ പ്രധാന ഘടകമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇന്ത്യൻ ഗവണ്‍മെന്റ് പത്രസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയാണ് ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇത് തടസ്സമാകുമെന്നും ആര്‍.എസ്.എഫ് പറഞ്ഞു.

കശ്മീരില്‍ സ്ഥിതിഗതികള്‍ വളരെ ആശങ്കാജനകമാണെന്നും അവിടെ റിപ്പോര്‍ട്ടര്‍മാരെ പലപ്പോഴും പൊലീസും അര്‍ധസൈനികരും ചേര്‍ന്ന് ഉപദ്രവിക്കുന്ന സാഹചര്യമുണ്ട്. ഇവരില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി തടവിലാണെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, മാധ്യമസ്വാതന്ത്ര്യത്തിനുള്ള ഇടം ചുരുങ്ങുന്നത് ജനാധിപത്യ പ്രക്രിയയുടെ സമഗ്രതയെ തകര്‍ക്കുമെന്ന ആശങ്കയുണ്ട്. മാധ്യമസ്വാതന്ത്ര്യം ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിന്റെ നിര്‍ണായക ഘടകമായതിനാല്‍ അത് കുറയുന്നതില്‍ വലിയ ആശങ്കയുണ്ടെന്ന് ആര്‍.എസ്.എഫ് വ്യക്തമാക്കി.

Content Highlight: India ranks below Pakistan in Press Freedom Index: RSF report

We use cookies to give you the best possible experience. Learn more