|

ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 93ൽ നിന്ന് 96ലേക്ക് താഴ്ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഫെബ്രുവരി 11ന് പുറത്തിറങ്ങിയ ട്രാൻസ്പരൻസി ഇന്റർനാഷണൽ റിപ്പോർട്ട് പ്രകാരം 2024 ലെ ആഗോള അഴിമതി സൂചികയിൽ (സി.പി.ഐ) ഇന്ത്യ 96-ാം സ്ഥാനത്ത്. ഇന്ത്യയുടെ മൊത്തത്തിലുള്ള സ്കോർ ഒരു പോയിന്റ് കുറഞ്ഞ് 38 ആയി.

2023ലും 2022ലും ഇന്ത്യയുടെ മൊത്തത്തിലുള്ള സ്കോർ യഥാക്രമം 39ഉം 40ഉം ആയിരുന്നു. 2023ൽ ഇന്ത്യയുടെ റാങ്ക് 93 ആയിരുന്നു. റിപ്പോർട്ടിൽ ചൈന 76-ാം സ്ഥാനത്തും ഇന്ത്യയുടെ മറ്റ് അയൽക്കാരിൽ പാകിസ്ഥാനും ശ്രീലങ്കയും യഥാക്രമം 135, 121 സ്ഥാനത്തുമാണ്.

റിപ്പോർട്ട് പ്രകാരം അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്ക് ഒന്നാം സ്ഥാനത്തും ഫിൻലാൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.

പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കും അഴിമതി വലിയൊരു വിലങ്ങ് തടിയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

‘ഹരിതഗൃഹ വാതകം പുറന്തള്ളുന്നത് കുറയ്ക്കുന്നതിനും ദുർബലരായ ജനങ്ങളെ സംരക്ഷിക്കുന്നതിനും രാജ്യങ്ങളെ സഹായിക്കാനുള്ള ഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനാൽ, ലോകമെമ്പാടുമുള്ള ധാരാളം ആളുകൾ ആഗോളതാപനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു. അതേസമയം, അനാവശ്യ സ്വാധീനത്തിന്റെ രൂപത്തിലുള്ള കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നയങ്ങളെ അഴിമതി തടസപ്പെടുത്തുകയും പരിസ്ഥിതി നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു,’ റിപ്പോർട്ട് പറയുന്നു.

Content Highlight: India ranks 96 out of 180 countries in Corruption Perceptions Index 2024

Latest Stories