national news
ഇന്ത്യൻ സ്ഥാനപതിയെ ബ്രിട്ടനിലെ ഗുരുദ്വാരയിൽ തടഞ്ഞു; എല്ലാ സിഖുകാരും ഇങ്ങനെ പെരുമാറണമെന്ന് ആഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 30, 11:44 am
Saturday, 30th September 2023, 5:14 pm

ന്യൂദൽഹി: സ്കോട്ലൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇന്ത്യൻ സ്ഥാനപതി വിക്രം ദുരൈസ്വാമിയെ വിലക്കിയതിൽ ബ്രിട്ടൻ വിദേശകാര്യ ഓഫീസിനെ ആശങ്ക അറിയിച്ച് ഇന്ത്യ.

ഗ്ലാസ്ഗോയിലുള്ള ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് കുറച്ചുപേർ ദുരൈസ്വാമിയെ വിലക്കിയെന്നും തർക്കത്തിന് നിൽക്കാതെ അദ്ദേഹം മടങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു.

സിഖ് യൂത്ത് യു.കെ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയിൽ, ഖലിസ്ഥാൻവാദി പ്രവർത്തകൻ ദുരൈസ്വാമിയെ തടയുന്നതും ഇന്ത്യൻ സർക്കാറിന്റെ എല്ലാ ഉദ്യോഗസ്ഥരോടും ഈ വിധം പെരുമാറണമെന്ന് പറയുന്നതും കേൾക്കാം.

‘കാനഡയിലെയും മറ്റും സിഖുകാരെ ഇവർ ഉപദ്രവിക്കുകയാണ്. ഗ്ലാസ്ഗോയിൽ ഞങ്ങൾ ചെയ്ത പോലെ എല്ലാ ഇന്ത്യൻ അംബാസിഡർമാർക്കെതിരെയും സിഖുകാർ ഇങ്ങനെ പെരുമാറണം,’ വീഡിയോയിൽ കേൾക്കാം.

അതേസമയം ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) സംഭവത്തെ അപലപിച്ചു. ഉദ്യോഗസ്ഥനെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാൻ പാടില്ലായിരുന്നു എന്നും ഗുരുദ്വാര എല്ലാ മതവിശ്വാസികളുടേതുമാണെന്നും എസ്.ജി.പി.സി ജനറൽ സെക്രട്ടറി ഗ്രേവൽ പറഞ്ഞു.

Content Highlight: India Raises Concern With UK After Diplomat Stopped From Entering Gurdwara