ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഈ വര്‍ഷം പാര്‍ട്ടി അധ്യക്ഷനാകുമെന്നു പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇപ്പോള്‍ പാര്‍ട്ടി ഉപാധ്യക്ഷനായ രാഹുല്‍ യു.പി മുഖ്യമന്ത്രി സ്ഥാനത്തേക്കു മത്സരിക്കണമെന്നു തിരഞ്ഞെടുപ്പു പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങുമോയെന്ന് അറിയില്ല. അദ്ദേഹം ഇപ്പോള്‍ ഉപാധ്യക്ഷനാണ്. ഈ വര്‍ഷം തന്നെ അധ്യക്ഷനാകുമെന്നാണു പ്രതീക്ഷ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാഹുല്‍ അധ്യക്ഷപദവിയേല്‍ക്കുമെന്നു സൂചനയുണ്ടായിരുന്നു.
എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിനു പിന്നാലെ നേതൃമാറ്റം വേണ്ടെന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. രാഹുല്‍ ശൈലിയെ എതിര്‍ക്കുന്ന ഒരുവിഭാഗം നേതാക്കള്‍ക്കു നേതൃമാറ്റത്തോടു യോജിപ്പില്ല.