'ഇതാ... ഇന്ത്യ വരുന്നു'; മക്കാവുവിനെ നാലുഗോളിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പിന്
Daily News
'ഇതാ... ഇന്ത്യ വരുന്നു'; മക്കാവുവിനെ നാലുഗോളിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th October 2017, 10:55 pm

ബംഗലൂരു: 2019 ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടി. ബംഗലൂരു ശ്രീ കണ്ഠീരവ സ്റ്റേഡയിത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ മക്കാവുവിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ഇന്ത്യ യോഗ്യതയുറപ്പിച്ചത്.

ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ തേരോട്ടം. ആദ്യ പാദത്തില്‍ മക്കാവുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ ജയിച്ചിരുന്നു.

മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ ഇന്ത്യക്കായി ജെജെ ലാല്‍പെഖുലെയും സുനില്‍ ഛേത്രിയും റൗളിന്‍ ബെര്‍ജോസും ഓരോ ഗോള്‍ നേടി. ഒരു ഗോള്‍ മക്കാവുവിന്റെ സെല്‍ഫ് ഗോളായിരുന്നു.


Also Read: ‘യോഗ്യത നേടിയില്ലായിരുന്നവെങ്കില്‍ ഭ്രാന്താകുമായിരുന്നു, ഒരുമിച്ച് നിന്നാല്‍ എല്ലാം സാധ്യം’; മനസു തുറന്ന് സൂപ്പര്‍ താരം മെസി


28-ാം മിനിറ്റില്‍ റൗളിന്‍ ബോര്‍ജെസിലൂടെ ഇന്ത്യ ലീഡ് നേടി. 41 ാം മിനിറ്റില്‍ അല്‍മെയ്ഡയിലൂടെ മക്കാവു തിരിച്ചടിച്ചു. ആദ്യ പകുതിയില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു.

എന്നാല്‍ രണ്ടാം പകുതിയില്‍ ജാക്കിചന്ദ് സിങ്ങിനെ പിന്‍വലിച്ച് ഫോമിലുള്ള ബല്‍വന്ത് സിങ്ങിനെ ഇറക്കിയ കോച്ച് കോണ്‍സ്‌റ്റൈന്റെ തന്ത്രമാണ് മല്‍സരത്തില്‍ നിര്‍ണായകമായത്. മത്സരത്തിലുടനീളം കളം നിറഞ്ഞു കളിച്ച ബല്‍വാന്ത് സിംഗ് ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യതയും വിജയവും സമ്മാനിച്ചു.

മ്യാന്‍മര്‍, കിര്‍ഗിസ് ടീമുകള്‍ക്കു പുറമെ മക്കാവുവിനെ അവരുടെ നാട്ടിലും ഇപ്പോള്‍ സ്വന്തം മണ്ണിലും തറപറ്റിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 1984 ലാണ് ഇതിനു മുന്‍പ് യോഗ്യതാ മല്‍സരങ്ങളിലൂടെ ഇന്ത്യ ഏഷ്യന്‍ കപ്പിനു യോഗ്യത നേടിയത്. 2011ല്‍ എ.എഫ്.സി ചലഞ്ച് കപ്പ് ചാംപ്യന്‍മാരെന്ന നിലയിലും ഏഷ്യന്‍ കപ്പില്‍ പങ്കെടുത്തിരുന്നു.