പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സര്‍വകലാശാലകളിലും വിവിധ രാഷ്ട്രീയ മുന്നണികളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം കത്തിപ്പടരുകയാണ്.
നിയമത്തിനെതിരെ ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ തുടങ്ങിയ പ്രതിഷേധത്തിന് കൂടുതല്‍ സര്‍വകലാശാലകള്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഐ.ഐ.ടിയും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങി.
ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലും സമരം ശക്തമാവുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അതുവരെ സമരം തുടരുമെന്നും മമത അറിയിച്ചു.
ബീഹാറിലും വിവിധ രാഷ്ട്രീയ മുന്നണികളുടെ നേതൃത്വത്തില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
വിദ്യാഭ്യാസത്തെയും ജനാധിപത്യത്തെയും രാഷ്ട്രത്തെയും സംരക്ഷിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി തമിഴ്‌നാട്ടില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. നിരവധി വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സംയുക്ത സമരത്തിലും വന്‍ ജനപങ്കാളിത്തമായിരുന്നു. സാമൂഹിക-സിനിമ-സാംസ്‌കാരിക രംഗത്തെ പ്രമുകരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
പൗരത്വ നിയമത്തിനെതിരെ കോഴിക്കോട് വിക്രം മൈതാനി മുതല്‍ മാനാഞ്ചിറ വരെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ജാമിയ മില്ലിയ സര്‍വകലാശാലയില്‍ ഞായറാഴ്ച പൊലീസ് നടത്തിയ അതിക്രമത്തിനെതിരെയും വ്യാപക പ്രതിഷേധമുയരുന്നുണ്ട്.