| Monday, 18th February 2019, 7:51 pm

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക് പ്രതിനിധികള്‍ക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക് പ്രതിനിധികളോട് സൗഹൃദം പങ്കിടാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍. പാക് പ്രതിനിധികള്‍ സൗഹൃദം പങ്കിടാന്‍ ഹസ്തദാനം ചെയ്തപ്പോള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അത് നിരസിച്ചു.

പാക് പ്രതിനിധികള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. നമസ്തേ പറഞ്ഞ് പാക് പ്രതിനിധികളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.


ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തലാണ് പാകിസ്താന്‍ എ.ജി അന്‍വര്‍ മസൂദ് ഖാന്റെ ഹസ്തദാനം നിരസിച്ചത്.

കുല്‍ഭൂഷണ്‍ ജാദവ് കേസിന്റെ വിചാരണ നടപടികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദീപക് മിത്തലിന്റെ അടുത്തേക്ക് അന്‍വര്‍ മസൂദ് ഖാന്‍ ഹസ്തദാനം ചെയ്യാന്‍ എത്തിയത്.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാക് പ്രതിനിധികളോട് ഇത്തരത്തില്‍ പെരുമാറുന്നത് ആദ്യമായല്ല. 2017 മെയ് മാസത്തിലും പാക് പ്രതിനിധികളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ അവഗണിച്ചിരുന്നു.

അതേസമയം, കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക് സൈനിക കോടതിയില്‍ നടന്ന വിചാരണ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ആവശ്യമുന്നയിച്ചു. കേസില്‍ നാലു ദിവസം നീണ്ട വിചാരണ തുടങ്ങിയതിന് പിന്നാലെയാണിത്.


ചാരവൃത്തി ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി 2017 ഏപ്രിലില്‍ വധശിക്ഷ വിധിച്ചിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിചാരണ നടത്തിയതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരായ പ്രചാരണം നടത്താനാണ് വിഷയം പാകിസ്താന്‍ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ ജാദവിന് പാകിസ്താന്‍ ഉടന്‍ അനുമതി നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെ 2017 മെയിലാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചത്. അന്തിമ തീര്‍പ്പുണ്ടാകുന്നതു വരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് രാജ്യാന്തര കോടതി ഉത്തരവിട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more