| Thursday, 28th June 2018, 10:15 pm

അമേരിക്കന്‍ സമ്മര്‍ദ്ദം; ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണയിറക്കുമതി നിര്‍ത്തലാക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കെ ഇറാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ കുറയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണയ്ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനും ഇറക്കുമതി കുറയ്ക്കുന്നതിനും കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനോ വന്‍തോതില്‍ കുറക്കാനോ കരുതിയിരിക്കണമെന്നാണ് നിര്‍ദ്ദേശം.

നവംബര്‍ നാലിന് മുമ്പ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ഇന്ത്യയും ചൈനയുമടക്കം ഉപരോധത്തെ നേരിടണമെന്നാണ് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതില്‍ ഒരു രാജ്യങ്ങള്‍ക്കും ഇളവില്ലെന്നും അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.

ഇറാനെതിരായ അമേരിക്കയുടെ ഉപരോധത്തെ അംഗീകരിക്കില്ലെന്നും എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തെ അംഗീകരിക്കുമെന്നും പറഞ്ഞിരുന്നു. നിലവില്‍ ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്.

നേരത്തെ അമേരിക്കയുടെ ഉപരോധമുണ്ടായിരുന്നപ്പോള്‍ ഇന്ത്യ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറച്ചിരുന്നില്ല. പക്ഷെ ഇത്തവണ സാഹചര്യം വ്യത്യസ്തമാണെന്നാണ് വിയിരുത്തല്‍. എണ്ണ ഇറക്കുമതിയില്‍ ദേശീയതാല്‍പര്യം പരിഗണിച്ച് മാത്രമേ ഇന്ത്യ നിലപാടെടുക്കുകയെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഇന്ന് പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more