ഇറാനില്‍ നിന്നും എണ്ണ വേണ്ട; യു.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യ
national news
ഇറാനില്‍ നിന്നും എണ്ണ വേണ്ട; യു.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th June 2018, 11:26 am

ന്യൂദല്‍ഹി: അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് പിന്നാലെ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി പൂര്‍ണമായും കുറയ്ക്കാനൊരുങ്ങി ഇന്ത്യ.

നവംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിനോ പൂര്‍ണ്ണമായി നിര്‍ത്തലാക്കുന്നതിനോ ഒരുങ്ങിയിരിക്കാന്‍ റിഫൈനറികള്‍ക്ക് ഇന്ത്യന്‍ പെട്രോളിയം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി രണ്ട് എണ്ണക്കമ്പനികള്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ പെട്രോളിയം മന്ത്രാലയം തയ്യാറായിട്ടില്ല.


Also Read വലംപിരിശംഖിന്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനില്ല; ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി ദീപാ നിശാന്ത്


നവംബര്‍ നാലിനകം ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കണമെന്നായിരുന്നു ഇന്ത്യയോടും ചൈനയോടും കഴിഞ്ഞ ദിവസം അമേരിക്ക ആവശ്യപ്പെട്ടിരുന്നത്. ആണവ കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഇറാനെതിരെ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എണ്ണ ഇറക്കുമതി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എസ് അന്ത്യശാസനം നല്‍കിയത്.

അല്ലാത്തപക്ഷം ഇന്ത്യയും ചൈനയുമടക്കം ഉപരോധത്തെ നേരിടണമെന്നാണ് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതില്‍ ഒരു രാജ്യങ്ങള്‍ക്കും ഇളവില്ലെന്നും അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കന്‍ ഇടപെടല്‍ അനുവദിക്കില്ലെന്നായിരുന്നു ഇന്ത്യയുടെ ആദ്യ നിലപാട്. ഇറാനെതിരെ യു.എസ് ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ ഉപരോധത്തിന് വഴങ്ങില്ലെന്നും ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തുന്ന ഉപരോധം മാത്രമേ അംഗീകരിക്കുള്ളൂവെന്നുമായിരുന്നു ഇന്ത്യ നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ ഇതിന് പിന്നാലെയാണ് ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിനോ പൂര്‍ണ്ണമായി നിര്‍ത്തലാക്കുന്നതിനോ ഒരുങ്ങിയിരിക്കാന്‍ റിഫൈനറികള്‍ക്ക് ഇന്ത്യന്‍ പെട്രോളിയം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.

നേരത്തെ അമേരിക്കയുടെ ഉപരോധമുണ്ടായിരുന്നപ്പോള്‍ ഇന്ത്യ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറച്ചിരുന്നില്ല. പക്ഷെ ഇത്തവണ സാഹചര്യം വ്യത്യസ്തമാണെന്നാണ് വിലയിരുത്തല്‍. എണ്ണ ഇറക്കുമതിയില്‍ ദേശീയതാല്‍പര്യം പരിഗണിച്ച് മാത്രമേ ഇന്ത്യ നിലപാടെടുക്കുകയെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രതികരിച്ചിരുന്നു.

എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ പെട്രോളിയം മന്ത്രാലയം വിളിച്ചുചേര്‍ത്തിരുന്നു. ഇറാനില്‍ നിന്നുള്ള എണ്ണയ്ക്ക് പകരം മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് യോഗത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്.


എവിടെ പുതിയ പ്രസിഡന്റ്? ഫേസ്ബുക്ക് പേജില്‍ പരാതിയും പ്രതിഷേധവുമായി അമിത് ഷാ യോട് കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍


അതേസമയം അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി റിലയന്‍സ് നിര്‍ത്തിവെച്ചിട്ടുണ്ട്. റഷ്യയിലെ പ്രമുഖ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ കമ്പനിയായ നയാര എനര്‍ജിയും കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിയ ശേഷം നവംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്നാണ് അറിയുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, മാംഗളൂര്‍ റിഫൈനറീസ് ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് നയാര എനര്‍ജി എന്നിവയാണ് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാന കമ്പനികള്‍. അതേസമയം പുതിയ സാഹചര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് എണ്ണ ഉത്പാദക രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തമാസം മുതല്‍ പ്രതിദിനം പതിനൊന്ന് ദശലക്ഷം ബാരല്‍ എണ്ണ വരെ ഉത്പാദിപ്പിക്കാനാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.