സഞ്ജുവിന്റെ ആറാട്ട് അവസാനിക്കുന്നില്ല; ഇംഗ്ലണ്ടിനെ തീര്‍ക്കാനും ഇവര്‍ മതിയെന്ന് ബി.സി.സി.ഐ; കളമൊരുങ്ങുന്നത് സഞ്ജു - ബട്‌ലര്‍ ഫേസ് ഓഫിന്?
Sports News
സഞ്ജുവിന്റെ ആറാട്ട് അവസാനിക്കുന്നില്ല; ഇംഗ്ലണ്ടിനെ തീര്‍ക്കാനും ഇവര്‍ മതിയെന്ന് ബി.സി.സി.ഐ; കളമൊരുങ്ങുന്നത് സഞ്ജു - ബട്‌ലര്‍ ഫേസ് ഓഫിന്?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th June 2022, 9:20 am

അയര്‍ലന്‍ഡിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം പുത്തന്‍ ഉണര്‍വിലാണ്. ടി-20യിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ട് പിറന്ന മത്സരത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരം ആരാധകര്‍ക്കും ആവേശമായി.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി-20 പരമ്പരയിലും ഇതേ ടീമിനെ തന്നെ ഇറക്കാനാണ് ബി.സി.സി.ഐ ഇപ്പോള്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം കഴിഞ്ഞ ഉടന്‍ തന്നെ ടി-20 പരമ്പരയും നടക്കുന്നതിനാല്‍ അയര്‍ലന്‍ഡ് പര്യടനത്തിനിറങ്ങിയ അതേ ടീമിനെ ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ നിയോഗിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ പേടി വേണ്ടെന്നും ആത്മവിശ്വാസത്തോടെ തന്നെ അവരെ കളത്തിലിറക്കാമെന്നും തെളിഞ്ഞിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20 മത്സരത്തിലാവും ഈ ടീമിനെ നിയോഗിക്കുക. ടെസ്റ്റ് കഴിഞ്ഞ്, താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതിനാല്‍ ക്യാപ്റ്റന്‍ ബുംറയടക്കമുള്ള താരങ്ങള്‍ രണ്ടാം ടി-20യിലായിരിക്കും ടീമിനൊപ്പം ചേരുക.

ജൂലൈ ഒന്നിന് ആരംഭിക്കുന്ന ബെര്‍മിങ്ഹാം ടെസ്റ്റ് അവസാനിക്കുക ജൂലൈ അഞ്ചിനാണ്. ജൂലൈ ഏഴിന് സതാംപ്ടണില്‍ ടി-20 പരമ്പരയിലെ ആദ്യ മത്സരവും നടക്കും.

ടെസ്റ്റ് കളിച്ചിറങ്ങുന്ന താരങ്ങള്‍ക്ക് ഉടനെ ടി-20 ഫോര്‍മാറ്റില്‍ കളിക്കേണ്ട പ്രായോഗിക ബുദ്ധിമുട്ടും ബി.സി.സി.ഐയുടെ ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട്.

ഇതുകൊണ്ട് തന്നെ അയര്‍ലന്‍ഡിനെതിരെ നടന്ന രണ്ടാം മത്സരത്തിലെ ടീം തന്നെയായിരിക്കും ഇന്ത്യയുടെ ഫസ്റ്റ് പ്രിഫറന്‍സ്. പരിക്കില്‍ നിന്നും മടങ്ങിയെത്തുന്ന ഋതുരാജും ടീമിന്റെ ഭാഗമായേക്കും.

 

ഉജ്ജ്വല ഫോമില്‍ കളിച്ച സഞ്ജുവിനെ എന്തുവന്നാലും നിലനിര്‍ത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ജോസ് ബട്‌ലറും സഞ്ജുവും നേര്‍ക്കുനേര്‍ വരാനും സാധ്യതയുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ കണ്ണും കരളുമായ ഇരുവരും നേര്‍ക്കുനേര്‍ വരികയാണെങ്കില്‍ ആരാധകരെ സംബന്ധിച്ച് ആവേശം ഇരട്ടിയാവും.

ജൂലൈ ഒമ്പതിന് നടക്കുന്ന രണ്ടാം ടി-20യിലാവും ടീമില്‍ വമ്പന്‍ അഴിച്ചുപണി വേണ്ടി വരിക. വിരാട് കോഹ്‌ലി, റിഷബ് പന്ത്, ജസ്പ്രീത് ബുംറ, കൊവിഡില്‍ നിന്നും മുക്തനായാല്‍ രോഹിത് ശര്‍മ എന്നിവരും ടീമിനൊപ്പം ചേരും.

ജൂലൈ പത്തിനാണ് പരമ്പരയിലെ അവസാന ടി-20. രണ്ട് ദിവസത്തിന് ശേഷം ഇന്ത്യയും ഇംഗ്ലണ്ടും ത്മിലുള്ള ഏകദിന പരമ്പരയ്ക്കും തുടക്കമാവും.

അയര്‍ലന്‍ഡ് പര്യടനത്തിനിറങ്ങിയ ഇന്ത്യന്‍ സ്‌ക്വാഡ്: ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

 

Content highlight: India prepare to field Ireland in first T20I match against England