ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ കുറവുണ്ടായി: ഐക്യരാഷ്ട്ര സഭ
World News
ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ കുറവുണ്ടായി: ഐക്യരാഷ്ട്ര സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th July 2023, 11:42 pm

ജനീവ: കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ കുറവുണ്ടായതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ മാത്രം 41.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടന്നെന്നും യു.എന്‍ ഏജന്‍സി അറിയിച്ചു.

ഗ്ലോബല്‍ മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് (എം.പി.ഐ) റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യ മുന്നേറ്റം കൈവരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ഇന്ത്യയടക്കം 25ഓളം രാജ്യങ്ങള്‍ 15 വര്‍ഷക്കാലം കൊണ്ട് പകുതിയിലധികം പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈന, കോംഗോ, കംബോഡിയ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, മൊറോക്കോ, സെര്‍ബിയ, വിയറ്റ്‌നാം തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റു രാജ്യങ്ങള്‍. ഇന്ത്യയില്‍ 2005-06 കാലത്ത് 64.5 കോടി ജനങ്ങളാണ് ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നത്. 2015-16 ആയപ്പോഴേക്കും ഇത് 37 കോടിയായി കുറഞ്ഞു.

2019-2021 ആയപ്പോഴേക്കും ഇന്ത്യയിലെ ദരിദ്രരുടെ കണക്കുകള്‍ 23 കോടിയിലേക്ക് കുറഞ്ഞുവെന്നും യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലും ഈ മാറ്റം പ്രകടമാണെന്നും എം.പി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോ (യു.എന്‍.ഡി.പി), ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവ് (ഒ.പി.എച്ച്.ഐ) എന്നിവ സംയുക്തമായാണ് റിപ്പോര്‍ട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ അവതരിപ്പിച്ചത്.

കൊവിഡ് കാലത്തെ സമഗ്രമായ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ സമീപകാലത്തെ കണക്കുകള്‍ അവലോകനം ചെയ്യുന്നതില്‍ പ്രയാസമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Content Highlights: india poverty rate reduced to 23 crore in last 15 years: UN report