ഇന്ത്യ ഇനി പോളിയോ വിമുക്ത രാജ്യം
India
ഇന്ത്യ ഇനി പോളിയോ വിമുക്ത രാജ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2014, 2:20 pm

[] ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈഷേന്‍ പ്രഖ്യാപിച്ചു. വസൂരിയ്ക്ക് ശേഷം ഒരു രോഗത്തെക്കൂടി പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഇതോടെ ഇന്ത്യയ്ക്ക് കഴിഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു പോളിയോ ബാധ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം.

ലോകത്ത് ഏറ്റവുമധികം പോളിയോ ബാധ (741) യുണ്ടായിരുന്ന രാജ്യം എന്ന നിലയില്‍ നിന്നാണ് പോളിയോ വിമുക്ത രാജ്യമെന്ന നേട്ടം ഇന്ത്യ കൈവരിച്ചത്. പൊതുജനാരോഗ്യ രംഗത്ത് ഇന്ത്യയുടെ മഹത്തായ നേട്ടമാണിതെന്ന് ഡബ്ല്യു.എച്ച്.ഒ പ്രശംസിച്ചു.

അഞ്ച് വയസില്‍ താഴെ പ്രായമുള്ള 17 കോടി കുട്ടികള്‍ക്ക് ദേശീയതലത്തില്‍ രണ്ട് തവണ നടത്തുന്ന പ്രതിരോധ തുള്ളിമരുന്ന് വിതരണം, കൂടുതല്‍ രോഗ സാധ്യതയുള്ള മേഖലയില്‍ ഏഴ് കോടി കുട്ടികള്‍ക്ക് പലതവണ തുള്ളി മരുന്ന് നല്‍കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയ്ക്ക് ഈ നേട്ടമുണ്ടാക്കിയതെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.

ഇതോടെ ലോകത്ത് പോളിയോ ബാധയുള്ള രാജ്യങ്ങളുടെ എണ്ണം മൂന്നായി കുറഞ്ഞു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജിരിയ എന്നിവയാണവ.