| Thursday, 13th June 2019, 8:50 pm

സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് പദ്ധതി; ഐ.എസ്.ആര്‍.ഒ മേധാവി കെ.ശിവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബഹിരാകാശത്ത് സ്വന്തമായി സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി ഐ.എസ്.ആര്‍.ഒ മേധാവി കെ.ശിവന്‍. ചന്ദ്രയാന്‍-2ന്റെ വിക്ഷേപണ തിയ്യതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് ഐ.എസ്.ആര്‍.ഒ പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത്.

‘ഗഗന്‍യാന്‍ പദ്ധതി വിപുലീകരിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്’- ശിവന്‍ പറയുന്നു. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ അടുത്ത ബഹിരാകാശ വാഹനം ഈ വര്‍ഷം ജൂലായ് 15ന് വിക്ഷേപിക്കുമെന്ന് ബുധനാഴ്ച ശിവന്‍ അറിയിച്ചിരുന്നു. വിക്ഷേപണത്തിന്റെ 52ാം ദിവസം സെപ്തംബര്‍ അഞ്ച് അല്ലെങ്കില്‍ ആറ് തിയ്യതികളില്‍ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്.

ചന്ദ്രന്റെ ദക്ഷിണഭാഗങ്ങളെക്കുറിച്ച് ചാന്ദ്രയാന്‍ രണ്ട് വിശദമായി പഠിക്കുമെന്നും, അത്തരത്തില്‍ പഠനം നടത്തുന്ന ലോകത്തെ ആദ്യത്തെ രാജ്യമായിരിക്കും ഇന്ത്യ എന്നും ഐ.എസ്.ആര്‍.ഒ നേരത്തെ അറിയിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ ഇതുവരെ ചെയ്തതില്‍ വെച്ചേറ്റവും ശ്രമകരമായ ദൗത്യമായിരിക്കും ചന്ദ്രയാന്‍-2ന്റേതെന്നും ശിവന്‍ പറഞ്ഞിരുന്നു.

978 കോടി രൂപയാണ് ചന്ദ്രയാന്‍-2 പദ്ധതിയുടെ ചിലവ്. ബഹിരാകാശയാത്രികര്‍ക്ക് താത്കാലിക താമസത്തിനും മറ്റുമായി നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയമാണുള്ളത്.  ഭൂമിയെ നിരന്തരം വലയം വെച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം 250 മൈലുകള്‍ അകലത്തിലാണ് സ്ഥിതി ചെയ്തിട്ടുള്ള. 1998 ലാണ് ഈ കൂറ്റന്‍ ലബോറട്ടറി ബഹിരാകാശത്തേക്കയക്കുന്നത്. 2000ലാണ് ആദ്യമായി ഇവിടെ സന്ദര്‍ശകരെത്തുന്നത്.

അമേരിക്ക, റഷ്യ, ജപ്പാന്‍, യൂറോപ് തുടങ്ങിയ രാജ്യങ്ങളിെല ലാബുകള്‍ നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more