സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് പദ്ധതി; ഐ.എസ്.ആര്‍.ഒ മേധാവി കെ.ശിവന്‍
ന്യൂദല്‍ഹി: ബഹിരാകാശത്ത് സ്വന്തമായി സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി ഐ.എസ്.ആര്‍.ഒ മേധാവി കെ.ശിവന്‍. ചന്ദ്രയാന്‍-2ന്റെ വിക്ഷേപണ തിയ്യതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് ഐ.എസ്.ആര്‍.ഒ പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത്.
‘ഗഗന്‍യാന്‍ പദ്ധതി വിപുലീകരിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്’- ശിവന്‍ പറയുന്നു. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ അടുത്ത ബഹിരാകാശ വാഹനം ഈ വര്‍ഷം ജൂലായ് 15ന് വിക്ഷേപിക്കുമെന്ന് ബുധനാഴ്ച ശിവന്‍ അറിയിച്ചിരുന്നു. വിക്ഷേപണത്തിന്റെ 52ാം ദിവസം സെപ്തംബര്‍ അഞ്ച് അല്ലെങ്കില്‍ ആറ് തിയ്യതികളില്‍ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്.
ചന്ദ്രന്റെ ദക്ഷിണഭാഗങ്ങളെക്കുറിച്ച് ചാന്ദ്രയാന്‍ രണ്ട് വിശദമായി പഠിക്കുമെന്നും, അത്തരത്തില്‍ പഠനം നടത്തുന്ന ലോകത്തെ ആദ്യത്തെ രാജ്യമായിരിക്കും ഇന്ത്യ എന്നും ഐ.എസ്.ആര്‍.ഒ നേരത്തെ അറിയിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ ഇതുവരെ ചെയ്തതില്‍ വെച്ചേറ്റവും ശ്രമകരമായ ദൗത്യമായിരിക്കും ചന്ദ്രയാന്‍-2ന്റേതെന്നും ശിവന്‍ പറഞ്ഞിരുന്നു.
978 കോടി രൂപയാണ് ചന്ദ്രയാന്‍-2 പദ്ധതിയുടെ ചിലവ്. ബഹിരാകാശയാത്രികര്‍ക്ക് താത്കാലിക താമസത്തിനും മറ്റുമായി നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയമാണുള്ളത്. ഭൂമിയെ നിരന്തരം വലയം വെച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം 250 മൈലുകള്‍ അകലത്തിലാണ് സ്ഥിതി ചെയ്തിട്ടുള്ള. 1998 ലാണ് ഈ കൂറ്റന്‍ ലബോറട്ടറി ബഹിരാകാശത്തേക്കയക്കുന്നത്. 2000ലാണ് ആദ്യമായി ഇവിടെ സന്ദര്‍ശകരെത്തുന്നത്.
അമേരിക്ക, റഷ്യ, ജപ്പാന്‍, യൂറോപ് തുടങ്ങിയ രാജ്യങ്ങളിെല ലാബുകള്‍ നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്.