ഇസ്‌ലാമാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഏപ്രില്‍ 16നും 20നും ഇടയില്‍ പാകിസ്ഥാനെ അക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷി. മുള്‍ത്താനില്‍ വെച്ചാണ് ഷാ മഹ്മൂദ് ഖുറൈഷിയുടെ പ്രതികരണം.
ഇന്ത്യ അക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന് വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടെന്നും ഉത്തരവാദിത്വത്തോടെ തന്നെയാണ് ഇക്കാര്യം പറയുന്നതെന്നും ഷാ മഹ്മൂദ് ഖുറൈഷി പറഞ്ഞു.
പുല്‍വാമ ആക്രമണം പോലെ തീവ്രവാദിയാക്രമണം കശ്മീരില്‍ നടത്തിയായിരിക്കും പാകിസ്ഥാനെതിരായ ആക്രമമെന്നും ഷാ മഹ്മൂദ് ഖുറൈഷി അവകാശപ്പെട്ടു.
അതേസമയം പാകിസ്ഥാന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പാക് വിദേശകാര്യ മന്ത്രി തയ്യാറായിട്ടില്ല. പക്ഷെ ഈ വിവരം രാജ്യത്തോട് പറയാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഷാ മഹ്മൂദ് ഖുറൈഷി പറഞ്ഞു.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി യുദ്ധഭ്രാന്ത് വളര്‍ത്തുകയാണെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.