കൊല്‍ക്കത്ത: രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് ഇന്ത്യാ സഖ്യകക്ഷികള്‍ ഉത്തരവാദികളല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ഘോഷ്. പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മാതൃകകള്‍ പകര്‍ത്തിയത് മൂന്ന് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബി.ജെ.പിയെ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണ് പരാജയത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് ഗാഢനിദ്രയില്‍ നിന്ന് ഉണരുകയും ജന്മിത്വ മനോഭാവം ഉപേക്ഷിക്കുകയും ചെയ്യണം. ഇന്ത്യന്‍ സഖ്യ കക്ഷികള്‍ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ബി.ജെ.പി പകര്‍ത്തി, പ്രചാരണത്തില്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു,’ ടി.എം.സി സംസ്ഥാന സെക്രട്ടറി കുന്നാല്‍ ഘോഷ് പറഞ്ഞു.
ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്,എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചതെന്നും ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ക്ക് ഒന്നും പ്രചരണത്തില്‍ ഇടം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ബി.ജെ.പിയുടെ വിജയത്തേക്കാള്‍ കോണ്‍ഗ്രസിന്റെ പരാജയമാണെന്നും കുനാല്‍ ഘോഷ് കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യ സഖ്യത്തിനായി മമതാ ബാനര്‍ജി നല്‍കിയ നിര്‍ണായക നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല. മമതാ ബാനര്‍ജിയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇന്ത്യാ സഖ്യത്തെ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനം സ്വീകരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തെരെഞ്ഞെടുപ്പ് ഫലങ്ങളോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
content highkight : INDIA partners not responsible for Congress’ loss, BJP copied Bengal model: TMC spokeperson