| Saturday, 15th June 2019, 8:58 am

'ഇത് യുദ്ധമല്ല, ക്രിക്കറ്റ്; സമാധാനത്തോടെ കാണുക'; ഇന്ത്യ, പാക് കാണികളോട് വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുമ്പോള്‍ ആരാധകരോട് അഭ്യര്‍ഥനയുമായി മുന്‍ പാക് ക്രിക്കറ്ററും ഇതിഹാസ താരവുമായ വസീം അക്രം. സമാധാനപരമായി മത്സരത്തെ കാണണമെന്നും ഈ മത്സരത്തെ യുദ്ധമായി കാണുന്നവര്‍ യഥാര്‍ഥത്തില്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് ലോകകപ്പില്‍ ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാകിസ്താനുമായി ക്രിക്കറ്റ് കളിക്കേണ്ടെന്ന അഭിപ്രായമായിരുന്നു ഇന്ത്യയില്‍ നിന്നും കൂടുതലായും ഉയര്‍ന്നുവന്നിരുന്നത്.

‘കോടിക്കണക്കിനാളുകളുടെ മുന്‍പില്‍ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ കളിക്കുന്നത് ക്രിക്കറ്റില്‍ വലിയ കാര്യമാണ്. അതുകൊണ്ട് ഇരു ഫാന്‍സിനോടും എനിക്കു പറയാനുള്ളത്, സമാധാനത്തോടെ മത്സരം ആസ്വദിക്കുക എന്നതാണ്. ഒരു ടീം ജയിക്കും, ഒരു ടീം തോല്‍ക്കും. അതുകൊണ്ട് ഇതൊരു യുദ്ധമായി കാണരുത്.’- അക്രം പറഞ്ഞു.

1992 മുതലിങ്ങോട്ട് ആറ് ലോകകപ്പുകളില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടും പാകിസ്താന് ഇന്ത്യയെ പരാജയപ്പെടുത്താനായിട്ടില്ല. എന്നാല്‍ ആ സ്ഥിതിയില്‍ മാറ്റം വരാമെന്നും അക്രം പറഞ്ഞു. നിയന്ത്രിതമായി കളിച്ചാല്‍ അതിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

1992, 1999, 2003 ലോകകപ്പുകളില്‍ ഇന്ത്യയോടു കളിച്ച് പരാജയപ്പെട്ട് പാക് ടീമില്‍ അംഗമായിരുന്നു അക്രം. എന്നാല്‍ ഈ മത്സരങ്ങളൊക്കെ താന്‍ ആസ്വദിച്ചാണു കളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് ശക്തമായ ലൈനപ്പാണുള്ളതെന്നും എന്നാല്‍ സമ്മര്‍ദത്തെ അതിജീവിക്കാനായാല്‍ പാകിസ്താന് അവരുടെ ശത്രുക്കളെ ഞെട്ടിക്കാന്‍ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും പരാജയപ്പെടുത്തിയ ഇന്ത്യക്കു മൂന്നുമത്സരങ്ങളില്‍ നിന്നായി ഇപ്പോള്‍ അഞ്ച് പോയിന്റുണ്ട്. ന്യൂസിലാന്‍ഡിനെതിരായ മൂന്നാംമത്സരം മഴയില്‍ നഷ്ടപ്പെട്ടിരുന്നു.

എന്നാല്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനോടും ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ശ്രീലങ്കയ്‌ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

We use cookies to give you the best possible experience. Learn more