ബെംഗളൂരു: ബെംഗളൂരുവില്‍ ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന സാഫ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി പാകിസ്ഥാന്‍ ദേശീയ ഫുട്‌ബോള്‍ ടീം ഇന്ത്യയിലെത്തും. 2014ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ദേശീയ ടീം ഇന്ത്യന്‍ മണ്ണില്‍ പന്ത് തട്ടാനെത്തുന്നത്.
2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയും, 2019ല്‍ ഇന്ത്യന്‍ അധീന കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക മത്സരങ്ങളൊന്നും ഇന്ത്യയില്‍ വെച്ച് നടന്നിട്ടില്ല.
ബെംഗളൂരുവില്‍ നടക്കുന്ന സാഫ് കപ്പില്‍ പാകിസ്താന്‍ പങ്കെടുക്കുന്നത് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ലോകകപ്പിലും പാക് ക്രിക്കറ്റ് ടീം പങ്കെടുക്കുമെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. നേരത്തെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.
ഇന്ത്യ, പാക് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുള്ള അനുകൂല നിലപാടുകളും വിസ അനുമതിയും ശുഭസൂചനകളാണെന്ന് പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരൂണ്‍ മാലിക് പറഞ്ഞു. ‘തിങ്കളാഴ്ച വൈകുന്നേരമാണ് വിസകള്‍ ലഭിച്ചത്. ഇത് വളരെ നല്ല സൂചനയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ അടുത്തെ തലമാണ് കാണിക്കുന്നത്. ഞങ്ങള്‍ വളരെ ആവേശഭരിതരാണ്. ഈ ടൂര്‍ണമെന്റിനായി ഉറ്റുനോക്കുകയാണ്. ലോകത്തെ ഒന്നിപ്പിക്കുകയും ആളുകളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുകയെന്നതാണ് ഫുട്‌ബോളിന്റെ കടമ,’ മാലിക് പറഞ്ഞു.
2014ല്‍ ഇന്ത്യയില്‍ രണ്ട് മത്സരങ്ങളുടെ പരമ്പര കളിച്ചതാണ് പാകിസ്ഥാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പഴയ ഇന്ത്യന്‍ ഓര്‍മകള്‍. അന്ന് ഇരു ടീമുകളും ഓരോ വീതം മത്സരം ജയിച്ച് കിരീടം പങ്കുവെച്ചു. പിന്നീട് 2018ലെ സാഫ് കപ്പില്‍ ബംഗ്ലാദേശില്‍ വെച്ചായിരുന്നു ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 3-1ന് ഛേത്രിപ്പട പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
ഇരു രാജ്യങ്ങളിലും ഫുട്‌ബോള്‍ പോപ്പുലര്‍ സ്‌പോര്‍ട് ആണെങ്കിലും ക്രിക്കറ്റിന്റെ അതിപ്രസരം കാരണമാണ് ഈ കായിക മത്സരത്തിന് വേണ്ടത്ര പുരോഗതി ലഭിക്കാതെ പോയത്. 2012ലാണ് ഇന്ത്യന്‍ മണ്ണില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അവസാനമായി ഒരു ക്രിക്കറ്റ് പരമ്പര കളിച്ചത്.
ഇന്ത്യ, കുവൈറ്റ്, നേപ്പാള്‍ എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനുമുണ്ട്. ലെബനന്‍, മാലിദ്വീപ്, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയും ഉള്‍പ്പെടുന്ന എട്ട് രാജ്യങ്ങളാണ് സാഫ് കപ്പില്‍ കളിക്കാനിറങ്ങുന്നത്. ജൂലൈ നാലിനാണ് ഫൈനല്‍.
നിലവില്‍ ഫിഫയുടെ ലോക റാങ്കിംഗില്‍ ഇന്ത്യ 101ാം സ്ഥാനത്താണ്. പാകിസ്ഥാന്‍ 195ാം സ്ഥാനത്താണ്. രാഷ്ട്രീയ ഇടപെടലും അക്രമവും ആരോപിച്ച് പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഏറെ നാളായി പ്രക്ഷുബ്ധമായിരുന്നു.
മൂന്നാം കക്ഷിയുടെ ഇടപെടല്‍ കാരണം 15 മാസത്തെ സസ്‌പെന്‍ഷന്‍ നേരിട്ട പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക്, 2022 ജൂലൈയില്‍ ഫിഫ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര മത്സരപരിചയത്തിന്റെ അഭാവത്തിലാണ് പാകിസ്താന്‍ സാഫ് കപ്പിനെത്തുന്നത്.
Content Highlights: India-pakistan saff cup match in bengaluru