അന്ന് 152, ഇന്ന് വെറും നാല്; അന്ന് 79*, 68* ഇന്ന് വെറും നാലും പൂജ്യവും; കൊട്ടിഘോഷിച്ച പാക് മുന്നേറ്റനിരയുടെ പതനം
Sports News
അന്ന് 152, ഇന്ന് വെറും നാല്; അന്ന് 79*, 68* ഇന്ന് വെറും നാലും പൂജ്യവും; കൊട്ടിഘോഷിച്ച പാക് മുന്നേറ്റനിരയുടെ പതനം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd October 2022, 4:42 pm

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇന്ത്യ – പാകിസ്ഥാന്‍ മെല്‍ബണ്‍ ടി-20. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിന്റെ റീ മാച്ച് എന്ന നിലയില്‍ ഏറെ ആവേശമായിരുന്നു ഈ മത്സരം ഉണ്ടാക്കിയെടുത്തത്.

കഴിഞ്ഞ വര്‍ഷം ആദ്യമായായിരുന്നു ഇന്ത്യ പാകിസ്ഥാനോട് ഒരു ഐ.സി.സി ഗ്ലോബല്‍ ഇവന്റില്‍ പരാജയപ്പെടുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ താരതമ്യേന ചെറിയ സ്‌കോറിന് എറിഞ്ഞിടുകയും തുടര്‍ന്ന് ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയിച്ചുമായിരുന്നു പാകിസ്ഥാന്‍ ചരിത്രം സൃഷ്ടിച്ചത്.

അന്ന് പാകിസ്ഥാന്റെ ചരിത്ര നേട്ടത്തിന് കാരണമായത് പാകിസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു. മുഹമ്മദ് റിസ്വാനും ബാബര്‍ അസവും തകര്‍ത്തടിച്ചാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്.

55 പന്തില്‍ നിന്നും പുറത്താവാതെ 79 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെയും 52 പന്തില്‍ നിന്നും പുറത്താവാതെ 68 റണ്‍സ് നേടിയ ബാബര്‍ അസമിന്റെയും കരുത്തിലാണ് ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സിന്റെ വിജയലക്ഷ്യം പാകിസ്ഥാന്‍ മറികടന്നത്.

ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യ ഏറെ കരുതേണ്ടത് പാകിസ്ഥാന്റെ ഓപ്പണിങ് ബാറ്റര്‍മാരെ തന്നയായിരുന്നു എന്ന വിലയിരുത്തലാണ് പൊതുവെ ഉണ്ടായിരുന്നത്. എന്നാല്‍ ആ ഓപ്പണിങ് കൂട്ടുകെട്ടിനെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യയുടെ ബൗളിങ് നിര മെല്‍ബണില്‍ കരുത്ത് കാട്ടിയത്.

യുവതാരം അര്‍ഷ്ദീപ് സിങ്ങായിരുന്നു ഇരുവരെയും പുറത്താക്കിയത്. രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഗോള്‍ഡന്‍ ഡക്കാക്കിയാണ് അര്‍ഷ്ദീപ് വേട്ട തുടങ്ങിയത്. ശേഷം 12 പന്തില്‍ നിന്നും ഒരു ബൗണ്ടറി മാത്രം സ്വന്തമാക്കിയ റിസ്വാനെയും അര്‍ഷ്ദീപ് മടക്കി.

വണ്‍ ഡൗണായി ഇറങ്ങിയ ഷാന്‍ മസൂദും നാലാമനായി ഇറങ്ങിയ ഇഫ്തിഖര്‍ അഹമ്മദുമാണ് പാകിസ്ഥാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

34 പന്തില്‍ നിന്നും 51 റണ്‍സ് നേടി ഇഫ്തിഖര്‍ പുറത്തായപ്പോള്‍, 42 പന്തില്‍ നിന്നും പുറത്താവാതെ 52 റണ്‍സാണ് ഷാന്‍ മസൂദ് സ്വന്തമാക്കിയത്. ഇവര്‍ക്ക് പുറമെ 16 റണ്‍സ് നേടിയ ഷഹീന്‍ ഷാ അഫ്രിദ് മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്.

ഒടുവില്‍ 20 ഓവറില്‍ 159 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

ബാബറിനും റിസ്വാനും പുറമെ ആസിഫ് അലിയെയും അര്‍ഷ്ദീപ് മടക്കിയിരുന്നു. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുനല്‍കിയാണ് താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

അര്‍ഷ്ദീപ് സിങ്ങിന് പുറമെ ഹര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷദാബ് ഖാന്‍, ഹൈദര്‍ അലി, മുഹമ്മദ് നവാസ് എന്നിവരാണ് പാണ്ഡ്യക്ക് മുമ്പില്‍ വീണത്. നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

നാലോവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് ഷമിയും ബൗളിങ്ങില്‍ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കം പിഴച്ചു. 31 റണ്‍സിനിടെ ഇന്ത്യയുടെ നാല് വിക്കറ്റ് വീണു. നാല് റണ്‍സ് നേടിയ കെ.എല്‍. രാഹുല്‍, നാല് റണ്‍സ് നേടിയ രോഹിത് ശര്‍മ, 15 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, രണ്ട് റണ്‍സ് നേടിയ അക്‌സര്‍ പട്ടേല്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്.

വിരാട് കോഹ്‌ലിയും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യക്കായി ക്രീസില്‍ നില്‍ക്കുന്നത്.

 

Content Highlight: India-Pakistan Melbourne T20: Pakistan’s opening partnership crumbles