| Sunday, 9th September 2012, 12:40 am

ഇന്ത്യയും പാക്കിസ്ഥാനും പുതുക്കിയ വിസാകരാറില്‍ ഒപ്പുവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സൗഹൃദത്തിന്റെ പുതിയൊരധ്യായത്തിന് തുടക്കംകുറിച്ചുകൊണ്ട് വിസാചട്ടം ലഘൂകരിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. []

ഇസ്‌ലാമാബാദില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയും പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കുമാണ് ശനിയാഴ്ച പുതുക്കിയ വിസാ കരാറില്‍ ഒപ്പുവെച്ചത്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ ശ്രമത്തിന്റെ  ഭാഗമാണ് കരാറെന്ന് കൃഷ്ണയും പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറും സംയുക്തപത്രസമ്മേളനത്തില്‍ പറഞ്ഞു.

വിനോദസഞ്ചാര സംഘങ്ങള്‍ക്കും തീര്‍ത്ഥാടക സംഘങ്ങള്‍ക്കും വിസ നല്‍കാനുള്ള തീരുമാനമാണ് ഏറ്റവും ശ്രദ്ധേയം. ബിസിനസുകാര്‍ക്ക് പ്രത്യേകം വിസാ നിയമങ്ങളുണ്ടാകും. 65 വയസ് പിന്നിട്ടവര്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ത്തന്നെ വിസ നല്‍കാനും ധാരണയായി.

നേരത്തേ മൂന്ന് നഗരങ്ങളിലേക്ക് മാത്രമാണ് സന്ദര്‍ശന വിസ നല്‍കിയിരുന്നത്. ഇത് അഞ്ചാക്കി ഉയര്‍ത്തി. 65 വയസിന് മേലുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രമുഖ വ്യവസായികള്‍ക്കും പോലീസ് റിപ്പോര്‍ട്ടിങ്ങിന്റെആവശ്യകത ഉണ്ടായിരിക്കില്ല.

ജനസമ്പര്‍ക്കവും വാണിജ്യ ബന്ധവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമയബന്ധിതമായ വിസാ സൗകര്യം ഏര്‍പ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more