ന്യൂദല്‍ഹി: കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ രഹസ്യ ചര്‍ച്ച നടത്തിയതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. ജനുവരിയില്‍ ദുബായിയില്‍ വെച്ചാണ് ഈ രഹസ്യ ചര്‍ച്ച നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരിലെ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഈ ചര്‍ച്ച നടത്തിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് പറയുന്നു.
2019ല്‍ നാല്‍പത് ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ധിച്ചിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച ഇന്ത്യ, പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് ആക്രമിച്ച് നശിപ്പിച്ചതായും അവകാശപ്പെട്ടിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ വലിയ വിള്ളലുണ്ടായത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കള്‍ 377 എടുത്തുകളഞ്ഞതും തര്‍ക്കം രൂക്ഷമാക്കി. ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കടക്കം പരിഹാരം കാണുന്നതിനാണ് ഇരു രാജ്യങ്ങളും ഇപ്പോള്‍ ‘പിന്‍വാതില്‍’ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതെന്ന് റോയിട്ടേഴ്‌സ് പറയുന്നു.
ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിഭാഗത്തിലുള്ളവരും പാക്കിസ്ഥാനിന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് വിഭാഗത്തിലുള്ളവരുമാണ് ദുബായിലെത്തി ചര്‍ച്ച നടത്തിയത്. യു.എ.ഇയുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍.
ചര്‍ച്ചകളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ പാക്കിസ്ഥാന്‍ മിലിട്ടറിയോ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം ഇരു രാജ്യങ്ങളിലെയും ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങളെ കുറിച്ച് റോയിട്ടേഴ്‌സിനോട് സംസാരിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരു രാജ്യങ്ങളിലെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിവിധ രാജ്യങ്ങളിലായി ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ വിഭാഗം അയേഷ സിദ്ദിഖ പറയുന്നു. ഏറ്റവും ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ തായ്‌ലന്റ്, ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് അയേഷ പറഞ്ഞു.
ചര്‍ച്ചകള്‍ പാതിവഴിയിലായതുകൊണ്ടാണ് ഇക്കാര്യങ്ങളെ കുറിച്ച് പരസ്യമായി പറയാത്തതെന്നാണ് ഇന്ത്യയില്‍ നിന്നുള്ള പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. സമാധാന ചര്‍ച്ചയെന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമെന്നോ വിളിക്കാന്‍ പോലുള്ള ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നും ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണെന്ന് മാത്രമേ ഈ ഘട്ടത്തില്‍ പറയാനാകൂവെന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജനുവരിയിലെ മീറ്റിങ്ങിന് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും അതിപ്പോഴും തുടരുന്നുണ്ടെന്നും ഇരു രാജ്യങ്ങളെയും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു രാജ്യങ്ങളും അവരുടെ അധീനതയില്‍ വരുന്ന കശ്മീരിന്റെ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതും ഈ ചര്‍ച്ചയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുണ്ട്.
ഇരു രാജ്യങ്ങളും പരസ്പരം നടത്തുന്ന ആരോപണങ്ങളിലും വിമര്‍ശനങ്ങളിലും കുറവ് വരുത്താനും ഈ ചര്‍ച്ചകളില്‍ തീരുമാനമായിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുന്നതില്‍ നിന്നും പാക്കിസ്ഥാന്‍ പിന്നോട്ടുപോയാല്‍ നിയന്ത്രണരേഖയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന വിമര്‍ശനങ്ങളില്‍ നിന്നും ഇന്ത്യയും പിന്മാറുമെന്നാണ് ഇതേ കുറിച്ച് ഉണ്ടാക്കിയിട്ടുള്ള ധാരണ.
74 വര്‍ഷമായി തുടരുന്ന കശ്മീര്‍ പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയല്ല മറിച്ച് സംഘര്‍ഷങ്ങള്‍ കുറച്ച് മുന്നോട്ടുപോകാനും മറ്റു രംഗങ്ങളില്‍ സഹകരണം ഉറപ്പാക്കാനുമാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്നാണ് സംസാരിച്ച എല്ലാ ഉദ്യോഗസ്ഥരും പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: India – Pakistan held secret talks to try to break Kashmir impasse, Reuters report