[] ന്യൂദല്‍ഹി: 26/11 മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ലഷ്‌കറെ ത്വയ്ബ സ്ഥാപകന്‍ ഹാഫിസ് സഈദിനെ ചൊല്ലി വിദേശകാര്യ മന്ത്രാലയവും ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറും തമ്മിലുള്ള തര്‍ക്കം മുറുകുന്നു.
സഈദ് പാക് പൗരനാണെന്നും പാകിസ്ഥാനില്‍ ഇയാള്‍ക്കെതിരേ കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് അഭിപ്രായപ്പെട്ടതോടെയാണ് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഹാഫിസ് സഈദ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണെന്നും സഈദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഭീകരാക്രമണം നടന്ന് നാളുകളായിട്ടും സഈദിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് അയാള്‍ പാകിസ്ഥാനി ആയതു കൊണ്ടാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പ്രസ്താവനയോട് മണിക്കൂറുകള്‍ക്കകം തന്നെ പാകിസ്ഥാന്‍ പ്രതികരിച്ചു. കോടതികള്‍ സഈദിനെ കുറ്റവിമകുക്തനാക്കിയതാണ്. അയാള്‍ക്കെതിരെ യാതൊരു കുറ്റവും രാജ്യത്ത് നിലവിലില്ലെന്നും ബാസിത് തിരിച്ചടിച്ചു.
കേസിന്റെ 99 ശതമാനം തെളിവുകളും പാക്കിസ്ഥാനിലാണെന്നും മുംബൈ ഭീകരാക്രമണത്തിനായുള്ള ഗൂഢാലോചനകള്‍ പാകിസ്ഥാനിലാണ് നടന്നതെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. ഭീകരാക്രമണത്തില്‍ പങ്കാളികളായവര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പാകിസ്ഥാനാണെന്നും ഹാഫിസ് സഈദിനെ പോലുള്ള കുറ്റവാളികളെ രാജ്യം സംരക്ഷിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു.
2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാഫിസ് സഈദ്. ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.