| Wednesday, 30th December 2015, 11:49 am

ഇന്ത്യ-പാക് ചര്‍ച്ചയില്‍ അമിത പ്രതീക്ഷ വേണ്ടെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്: ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ ജനുവരിയില്‍ നടത്താനിരിക്കുന്ന ചര്‍ച്ചയില്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തേണ്ടെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ചര്‍ച്ചയില്‍ സുപ്രധാന വിഷയങ്ങളില്‍ പരിഹാരമുണ്ടാകുമെന്നുള്ള അമിത പ്രതീക്ഷ വേണ്ടെന്ന് തന്നെ സര്‍താജ് വ്യക്തമാക്കി.

പാക്കിസ്ഥാനോടുള്ള സമീപനത്തില്‍ ഇന്ത്യ മാറ്റംവരുത്തിയിട്ടുണ്ട്. എന്നാല്‍ പല കാര്യങ്ങളും പഴയപടി തന്നെയാണ്. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത് നല്ല കാര്യം തന്നെയാണ്.

മോദിയുടെ സന്ദര്‍ശനം പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും രാജ്യാന്തര സമൂഹത്തിലെയും നിരവധി പേര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതുവരെ അഞ്ചുതവണയോളം നരേന്ദ്ര മോദിയും നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

ലാഹോര്‍ കൂടിക്കാഴ്ചയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ കരുത്തും മുന്നോട്ടുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ശക്തിയും പകരുമെന്നും അസീസ് പറഞ്ഞു

ഗൗരവമായ വിഷയങ്ങളാണ് ഇന്ത്യയ്ക്കുംപാക്കിസ്ഥാനുമിടയില്‍ പരിഹരിക്കാനിരിക്കുന്നത്. അത് അത്ര എളുപ്പത്തില്‍ സാധിക്കുമെന്ന അമിത വിശ്വാസമില്ലെന്നും സര്‍താജ് പറയുന്നു.

അതേസമയം നരേന്ദ്ര മോദിയും സംഘവും പാക്ക് സന്ദര്‍ശനം നടത്തിയത് വീസ ഇല്ലാതെയാണെന്ന വാര്‍ത്തകളേയും അദ്ദേഹം നിഷേധിച്ചു. 72 മണിക്കൂര്‍ തങ്ങാന്‍ അനുവദിക്കുന്ന വീസ മോദിക്കും അദ്ദേഹത്തിന്റെ 11 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കിയതിനുശേഷമാണ് മോദിയും സംഘവും പാക്കിസ്ഥാനിലെത്തിയതെന്ന് സര്‍താജ് അസീസ് പറഞ്ഞു.

സംഘത്തിലെ മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാം വിമാനത്താവളത്തില്‍ തന്നെ ഉണ്ടായിരുന്നു. വീസ ഇല്ലാതെ ഒരു വിദേശിയെയും രാജ്യത്ത് സഞ്ചരിക്കാന്‍ അനുവദിക്കാറില്ലെന്നും സര്‍താജ് പറഞ്ഞു.

.

We use cookies to give you the best possible experience. Learn more