ഹാനോയ്: പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ആരംഭിച്ച ഇന്ത്യ-പാക് സംഘര്‍ഷം ഉടന്‍ അവസാനിച്ചേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും ആകര്‍ഷകമായ വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയന്‍ നേതാവ് കിം ജോംങ്- ഉന്നുമായി നടന്ന ഉച്ചകോടിക്ക് ശേഷം വിയറ്റ്‌നാമിലെ ഹാനോയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ക്ക് അമേരിക്ക മദ്ധ്യസ്ഥം വഹിക്കുന്നതായും സൈനിക നടപടികളില്‍ നിന്ന് ഇരു രാജ്യങ്ങളേയും തടയാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
“ഞങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കുന്നുണ്ട്. നിലവിലെ സംഘര്‍ഷം അവസാനിക്കുമെന്നാണ് കരുതുന്നത്. ദീര്‍ഘകാലമായി ഇത് നടക്കുന്നു,- ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള സംഘര്‍ഷങ്ങളെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു.
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14 നു ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലക്കോട്ടില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തുകയും, അടുത്ത ദിവസം പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തുകയും ചെയ്തിരുന്നു.
സൈനിക നടപടിക്കിടെ പാകിസ്ഥാന്റെ കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ സമാധാന സൂചകമായി നാളെ വിട്ടയക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്.