ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ പാക് സന്ദര്‍ശനത്തില്‍ ഇന്ത്യ- പാക് നയതന്ത്രം ചര്‍ച്ച ചെയ്യില്ല. വിദേശകാര്യ മന്ത്രിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണെന്നും അയല്‍ രാജ്യമായ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയുള്ളതല്ലെന്നും എസ്.ജയശങ്കര്‍ വ്യക്തമാക്കി.
ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി ഒക്ടോബര്‍ 15,16 തിയ്യതികളില്‍ പാക് സന്ദര്‍ശിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല.
നിലവിലെ പാക് സന്ദര്‍ശനം എസ്.സി.ഒ ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പാക്കാനായിട്ടുള്ളതാണെന്നും അതോടൊപ്പം ഇന്ത്യ പാക് ബന്ധം ചര്‍ച്ച ചെയ്യില്ലെന്നും എസ്. ജയശങ്കര്‍ വ്യക്തമാക്കി.
സാധാരണയായി രാജ്യത്തെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിമാര്‍ എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കാറുണ്ടെന്നും എന്നാല്‍ ചില അവസരങ്ങളില്‍ അതില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് പാക്കിസ്ഥാനില്‍ നിന്നും ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് പാക് സന്ദര്‍ശിക്കുന്ന കാര്യത്തില്‍ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം എത്തിയിരുന്നത്.
ഈ സന്ദര്‍ശനം എസ്.സി.ഒ ഉച്ചകോടിക്ക് വേണ്ടിയാണെന്നും അതില്‍ കൂടുതലൊന്നും വ്യക്തമാക്കാനില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചിരുന്നു.
ഇസ്ലാമാബാദില്‍ നടക്കുന്ന എസ്.സി.ഒ കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് ഗവണ്‍മെന്റിന്റെ മീറ്റിങ്ങിലാണ് വിദേശകാര്യ മന്ത്രി പങ്കെടുക്കുക. ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രതിനിധി സംഘത്തെ എസ്.ജയശങ്കര്‍ നയിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചിരുന്നു.
റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്ക്, കസാഖിസ്ഥാന്‍, താജിഖിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ ചേര്‍ന്ന് 2001 ല്‍ ഷാങ്ഹായില്‍ നടന്ന ഉച്ചകോടിയിലാണ് എസ്.സി.ഒ സ്ഥാപിച്ചത്. ഇന്ത്യക്കും പാകിസ്ഥാനും കൗണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിക്കുന്നത് 2017ലാണ്.
Content Highlight: India- Pak diplomacy will not be discussed during Pakistan visit; s. jayasankar