ലാഹോര്‍: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് പാക് മുന്‍ താരം ഷൊയ്ബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘നമ്മള്‍ ഡേവിസ് കപ്പ് കളിക്കുന്നു, കബഡി കളിക്കുന്നു. എങ്കില്‍ പിന്നെ ക്രിക്കറ്റ് കളിക്കുന്നതില്‍ എന്താണ് തടസം. ഇന്ത്യയ്ക്കും പാകിസ്താനും പരസ്പരം ഇരുരാജ്യങ്ങളിലേക്കും മത്സരത്തിനായി പോകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. പക്ഷെ ഏഷ്യാകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും നമ്മള്‍ മറ്റൊരു വേദിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അങ്ങനെയിരിക്കെ ദ്വിരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് എന്താണ് പ്രശ്‌നം.’
ആതിഥ്യമര്യാദയുള്ള ലോകത്തെ മികച്ച രാജ്യങ്ങളിലൊന്നാണ് ഞങ്ങളുടേത്. സച്ചിനെയും ഗാംഗുലിയേയും സെവാഗിനെയും ഞങ്ങള്‍ മറ്റെന്തിനേക്കാളും സ്‌നേഹിക്കുന്നു. ക്രിക്കറ്റ് തങ്ങളെ തമ്മില്‍ വിഭജിച്ചിട്ടില്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യന്‍ കബഡി ടീം പാകിസ്താനിലെത്തിയപ്പോള്‍ അവര്‍ സുരക്ഷിതരായിരുന്നില്ലേ. പാകിസ്താന്‍ സഞ്ചരിക്കാന്‍ സുരക്ഷിതമായ രാജ്യമാണ്. ബംഗ്ലാദേശ് ഇവിടെ വന്ന് ടെസ്റ്റ് കളിച്ചല്ലോ? ഇനിയും അവര്‍ക്ക് സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെങ്കില്‍ പാകിസ്താനും ഇന്ത്യയ്ക്കും പുറത്തുള്ള മറ്റ് വേദികള്‍ ആലോചിക്കാമല്ലോ?’
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തേണ്ടതില്ല എന്നാണെങ്കില്‍ എന്തിനാണ് ക്രിക്കറ്റ് മാത്രം വേണ്ടെന്ന് വെക്കുന്നതെന്നും താരം ചോദിച്ചു. ക്രിക്കറ്റിനെ മാത്രം രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
‘അങ്ങനെയെങ്കില്‍ കബഡി കളിക്കുന്നതും നിര്‍ത്തണം. ഉള്ളിയും തക്കാളിയുമെല്ലാം പരസ്പരം വ്യാപാരം നടത്തുന്നുണ്ടല്ലോ. അതിന്റെ ആവശ്യമെന്താണ്.’ അക്തര്‍ ചോദിക്കുന്നു.
2012-13 ല്‍ പാകിസ്താന്റെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം ഇരുരാജ്യങ്ങളും സ്വന്തം മണ്ണില്‍ ഏറ്റുമുട്ടിയിട്ടില്ല. 2007 ന് ശേഷം ആദ്യമായായിരുന്നു ആ മത്സരം പോലും നടന്നത്. 2007 ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ടെസ്റ്റ് മത്സരം നടന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഐ.സി.സി ടൂര്‍ണ്ണമെന്റുകളിലും ഏഷ്യാകപ്പുകളിലും മാത്രമാണ് ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ മത്സരിച്ചിട്ടുള്ളത്.
WATCH THIS VIDEO: