| Monday, 23rd November 2020, 9:56 am

'പാകിസ്താനും ഇന്ത്യയും ബംഗ്ലാദേശും ചേര്‍ത്ത് ഒരൊറ്റ രാജ്യമാക്കണം'; ബി.ജെ.പിയെ പിന്തുണച്ച് എന്‍.സി.പി നേതാവ് നവാബ് മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും ഒന്നിച്ചുച്ചേര്‍ത്ത് ഒരു രാജ്യമാക്കാന്‍ ബി.ജെ.പി മുന്നോട്ടു വന്നാല്‍ ആ നീക്കത്തെ സ്വാഗതം ചെയ്യുമെന്ന് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. കറാച്ചി ബേക്കറി പേര് മാറ്റല്‍ സംഭവത്തില്‍ കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നവാബ് മാലിക്.

‘കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന സമയം വരുമെന്ന് ദേവേന്ദ്രജി പറഞ്ഞു. ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും ഒന്നിച്ചു ചേര്‍ക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയെയും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ഒന്നിപ്പിച്ചു കൂടാ. മൂന്ന് രാജ്യങ്ങളെയും കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ രാജ്യമാക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ ഞങ്ങള്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യും.’ നവാബ് മാലിക് എ.എന്‍.ഐയോട് പറഞ്ഞു.

മുംബൈയിലെ കറാച്ചി എന്നു പേരുള്ള ബേക്കറിക്ക് നേരെ ശിവസേന നേതാവ് ഭീഷണി മുഴക്കിയ സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. കടയുടെ പുറത്തുള്ള ബോര്‍ഡിലെ കറാച്ചി എന്ന പേര് നീക്കം ചെയ്യണമെന്നായിരുന്നു ശിവേസനാ നേതാവ് നിതിന്‍ നന്ദ്‌ഗോന്‍ക്കാറിന്റെ ആവശ്യം. ബേക്കറിയില്‍ എത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ നിതിന്‍ നന്ദ്‌ഗോക്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

ഭീഷണിയെത്തുടര്‍ന്ന് കടയുടമ ബോര്‍ഡിലെ പേര് മറച്ചുവെച്ചു. വക്കീലിനെ സമീപിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ വരും ദിവസങ്ങളില്‍ കടയുടെ പേര് മാറ്റുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

അതേസമയം നിതിന്‍ നന്ദ്‌ഗോക്കറെ വിമര്‍ശിച്ചുകൊണ്ട് ശിവസേനയിലെ മുതിര്‍ന്ന നേതാവായ സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. ‘കഴിഞ്ഞ 60 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്നതാണ് കറാച്ചി ബേക്കറി. അവര്‍ക്ക് പാകിസ്താനുമായി യാതൊരു ബന്ധവുമില്ല. അതിന്റെ പേരില്‍ ബേക്കറിയ്ക്ക് നേരെ നടത്തുന്ന വിവാദങ്ങള്‍ അര്‍ത്ഥമില്ലാത്തതാണ്. പേര് മാറ്റാന്‍ നടത്തുന്ന പ്രചാരണങ്ങള്‍ ശിവസേനയുടെ ഔദ്യോഗിക തീരുമാനമല്ല’, റാവത്ത് ട്വീറ്റ് ചെയ്തു.

ബി.ജെ.പിയും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഞങ്ങള്‍ അഖണ്ഡ ഭാരതത്തിലാണ് വിശ്വസിക്കുന്നത്. ഒരിക്കല്‍ കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: “India, Pak, Bangladesh Should Be Merged” Maharashtra NCP Minister Nawab Malik To BJP

We use cookies to give you the best possible experience. Learn more