ന്യൂദല്‍ഹി: ഗസയിലെ സാധാരണക്കാരായ, നിരപരാധികളായ മനുഷ്യരുടെ തുടര്‍ച്ചയായുള്ള മരണങ്ങളില്‍ ഇന്ത്യക്ക് വേദനയുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ- ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ ആദ്യ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗസയിലെ നിലവിലെ സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. ഗസയിലെ നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് തത്വാധിഷ്ഠിതവും സ്ഥിരതയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ബന്ദികളാക്കുന്ന നടപടികളെയും തങ്ങള്‍ അപലപിക്കുന്നുണ്ടെങ്കിലും ഗസയിലെ സാധാരാണക്കാരായ നിരപരാധികളുടെ തുടര്‍ച്ചയായുള്ള മരണത്തില്‍ തങ്ങള്‍ക്ക് വേദനയുണ്ടെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ നടപ്പില്ലാക്കണമെന്നും ഇതിനായി ഏത് അഭിപ്രായവും സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദ്വിരാഷ്ട്രമെന്ന ആശയമാണ് പ്രശ്‌ന പരിഹാരമെന്ന ഇന്ത്യന്‍ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ദ്വിരാഷ്ട്രമെന്ന പ്രശ്‌നപരിഹാരത്തിനായി തങ്ങള്‍ എക്കാലത്തും നിലകൊണ്ടിട്ടുണ്ടെന്നും ഫലസ്തീന്‍ സ്ഥാപനങ്ങളുടെ വികസനത്തിനായി തങ്ങള്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍.ആര്‍.ഡബ്ല്യൂ.എ വഴി മാനുഷിക സഹായങ്ങള്‍ ഇപ്പോഴും നല്‍കുന്നുണ്ടെന്നും ആ പിന്തുണ വര്‍ദ്ധിപ്പിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.
ഖത്തര്‍ പ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായും ഇന്ത്യ-ജി.സി.സി സംയുക്ത മന്ത്രിതല യോഗത്തില്‍ ജയശങ്കര്‍ സംസാരിച്ചു.
2024-28 കാലയളവില്‍ ആരോഗ്യം, വ്യാപാരം, സുരക്ഷ, കൃഷി, ഊര്‍ജം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. ഖത്തറിന് പുറമെ സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ തടങ്ങിയ ജി.സി.സി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും എസ്. ജയശങ്കര്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.
content highlights; India pained by continuous deaths of civilians in Gaza: Dr. S. Jaishankar