ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ ആവേശകരമായ അവസാന മത്സരം സമനിലയിലായതിന് പിന്നാലെ ഇന്ത്യൻ ടീം ബോർഡർ-ഗവാസ്ക്കർ ട്രോഫിയിൽ മുത്തമിട്ടിരുന്നു. 2-1 എന്ന മാർജിനിലാണ് ഓസീസിനെ ടീം ഇന്ത്യ പരാജയപ്പെടുത്തിയത്.
എന്നാൽ അവസാന മത്സരം വിജയിക്കാൻ സാധിച്ചില്ലെങ്കിലും ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നു. ശ്രീലങ്കയെ ന്യൂസിലാ ൻഡ് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്കുള്ള വാതിൽ തുറക്കപ്പെട്ടത്.
ഇതിന് പിന്നാലെ ന്യൂസിലാൻഡിന്റെ ചിലവിൽ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഒപ്പിച്ചെടുത്തു എന്നുള്ള പരിഹാസങ്ങൾ ഉയർന്ന് വന്നിരുന്നു. കൂടാതെ ഇന്ത്യൻ ടീം ആരാധകരും സമൂഹ മാധ്യമ ഹാൻഡിലുകളിലൂടെ കിവീസ് ടീമിന് നന്ദി അറിയിച്ചിരുന്നു. കൂടാതെ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡും കിവീസിന് നന്ദി പറഞ്ഞു.
ഇതോടെ ന്യൂസിലാൻഡ് കാരണമല്ല ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് കടന്നതെന്നും ഇന്ത്യൻ ടീമിന് ആരോടും നന്ദി പറയേണ്ട കാര്യമില്ലെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസ താരങ്ങളിലൊരാളായ സുനിൽ ഗവാസ്ക്കർ.
“നമ്മൾ കിവീസിനോട് കടപ്പാട് സൂക്ഷിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ രണ്ട് വർഷമായി മികച്ച ക്രിക്കറ്റ് കളിക്കുകയാണ്. അത് കൊണ്ട് തന്നെയാണ് മികച്ച രണ്ടാമത്തെ ടീമായി നമുക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടാൻ സാധിച്ചത്,’ ഗവാസ്ക്കർ പറഞ്ഞു.
“കിവീസ് ജയിച്ചു എന്നത് സത്യമാണ്. അത് അവർക്ക് നല്ലതാണ്. പക്ഷെ അവർ ജയിച്ചതിന് നമ്മൾ എന്തിനാണ് ന്യൂസിലാൻഡിനോട് നന്ദി പറയുന്നത്. ഇന്ത്യ അവരുടെ സ്വപ്രയത് നം കൊണ്ട് കളിച്ചു ജയിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. അല്ലാതെ ആരുടെയെങ്കിലും സഹായം കൊണ്ടല്ല,’ ഗവാസ്ക്കർ കൂട്ടിച്ചേർത്തു.
അതേസമയം ഓസീസിനെതിരെയുള്ള ടെസ്റ്റ് പരമ്പര ജയിച്ച ഇന്ത്യൻ ടീം അടുത്തതായി ഏകദിന പരമ്പരയാണ് കളിക്കുന്നത്.