ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച റൈവലുകളില്‍ ഒന്നായിട്ടാണ് ഇന്ത്യയെയും പാകിസ്ഥാനെയും കണക്കാക്കുന്നത്. ആരാധകര്‍ ഏറ്റവുമധികം ആവേശത്തോടെ കാത്തിരിക്കുന്നതും ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം കാണാന്‍ തന്നെയാണ്.
ക്രിക്കറ്റ് ലോകത്തെ ഒട്ടുമിക്ക ബഹുമതികളും ഇരു ടീമും സ്വന്തമാക്കിയിട്ടുണ്ട്. ഇരു ടീമുകളുടേയും താരങ്ങള്‍ സ്വന്തമാക്കിയ റെക്കോഡുകളും ചില്ലറയല്ല.
ഇപ്പോഴിതാ, പാകിസ്ഥാന്റെ ഒരു സൂപ്പര്‍ റെക്കോഡ് തകര്‍ക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് കൈയടക്കി വെച്ച നേട്ടമാണ് ഇന്ത്യയുടെ കൈയെത്തും ദൂരത്തുള്ളത്.
തുടര്‍ച്ചയായി ഏറ്റവുമധികം ബൈലാറ്ററല്‍ മത്സരം ജയിച്ചതിന്റെ റെക്കോഡാണ് ഇരുവരുടെയും പേരിലുള്ളത്. 11 ഏകദിന മത്സരങ്ങളാണ് ഇരുവരും തുടര്‍ച്ചയായി ജയിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനോടാണ് ഇന്ത്യ തുടര്‍ച്ചയായി 11 മത്സരങ്ങള്‍ ജയിച്ചത്. പാകിസ്ഥാന്‍ – സിംബാബ്‌വേ ബൈലാറ്ററല്‍ മത്സരങ്ങളിലായിരുന്നു പാകിസ്ഥാന്റെ വിജയഗാഥ.
എന്നാല്‍ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പര ആരംഭിക്കുന്നതോടെ ആദ്യ ഏകദിനം തന്നെ ജയിച്ച് റെക്കോഡ് നേടാനാവും ഇന്ത്യ ഒരുങ്ങുന്നത്.
2006ലായിരുന്നു ഇന്ത്യ വിന്‍ഡീസിനോട് ഒരു ബൈലാറ്ററല്‍ മത്സരത്തില്‍ അവസാനമായി തോല്‍ക്കുന്നത്. അതിന് ശേഷമിങ്ങോട്ട് ഇന്ത്യയുടെ തേരോട്ടമായിരുന്നു.
ജൂലൈ 22 വെള്ളിയാഴ്ചയാണ് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ക്വീന്‍സിലെ ഓവല്‍ പാര്‍ക്കിലാണ് മത്സരം.
ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് മറ്റൊരു റെക്കോഡും സ്വന്തമാവും. ഏതെങ്കിലും ഒരു എവേ സ്‌റ്റേഡിയത്തില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയം എന്ന സ്വന്തം റെക്കോഡാണ് ഇന്ത്യ തകര്‍ക്കാനൊരുങ്ങുന്നത്.
12 മത്സരങ്ങളാണ് ഇന്ത്യ ഓവലില്‍ കളിച്ചത്. ഇതില്‍ ഒമ്പത് വിജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യക്കുള്ളത്. ഒന്നാം ഏകദിനം ജയിച്ചാല്‍ ഒരു എവേ സ്റ്റേഡിയത്തില്‍ ഏറ്റവുമധികം വിജയം എന്ന റെക്കോഡും ഇന്ത്യയ്ക്ക് സ്വന്തമാവും.
ഹരാരെ സ്‌റ്റേഡിയത്തിലും ഇന്ത്യയ്ക്ക് ഇതേ വിജയ-പരാജയ കണക്കുകളാണുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ജയിച്ചാല്‍ പാകിസ്ഥാന്റെ മാത്രമല്ല, സ്വന്തം റെക്കോഡും ഇന്ത്യയ്ക്ക് തകര്‍ക്കാനാവും.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്
Content Highlight: India on the verge of breaking Pakistan’s world record in ODIs