കൈത്താങ്ങാവാന്‍ തയ്യാര്‍; ഒമിക്രോണിനെതിരെ പൊരുതാന്‍ ആഫ്രിക്കയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ
national news
കൈത്താങ്ങാവാന്‍ തയ്യാര്‍; ഒമിക്രോണിനെതിരെ പൊരുതാന്‍ ആഫ്രിക്കയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th November 2021, 11:59 pm

ന്യൂദല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ പൊരുതാന്‍ ആഫ്രിക്കയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. കൊവിഡ് വാക്‌സിനും ജീവന്‍രക്ഷാ മരുന്നുകളും ടെസ്റ്റ് കിറ്റുകളും നല്‍കാം എന്ന് ഇന്ത്യ വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവാക്‌സ് പോര്‍ട്ടല്‍ വഴി ആഫ്രിക്കന്‍ രാജ്യങ്ങളായ മലാവി, എത്യോപ്യ, സാംബിയ, മൗസാംബിക്, ഗിനിയ, ലെസോത്തോ എന്നിവിടങ്ങളിലേക്ക് കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

‘കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയത് ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം കൊണ്ട് പൊറുതി മുട്ടിയ എല്ലാ രാജ്യങ്ങള്‍ക്കും, പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു,’ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ ഇത്തരം രാജ്യങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നും കൊവാക്‌സ് വഴിയോ ഉഭയകക്ഷി പ്രകാരമോ വാക്‌സിന്‍ വിതരണം ചെയ്യുമന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ ബോട്‌സ്വാനയിലേക്കും വാക്‌സന്‍ കയറ്റുമതി ചെയ്യാനുള്ള നടപടികളും പൂര്‍ത്തിയാക്കിയെന്നും, ഉഭയകക്ഷി പ്രകാരമോ കൊവാക്‌സ് പ്രൊജക്ട് വഴിയോ മുന്നോട്ട് വെക്കുന്ന ഇത്തരം ആവശ്യങ്ങള്‍ വേഗത്തില്‍ പരിഗണിക്കുമെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ക്കുന്നു.

ജീവന്‍രക്ഷാ മരുന്നുകളും, പി.പി.ഇ കിറ്റ്, ടെസ്റ്റ് കിറ്റ്, ഗ്ലൗസ് എന്നിവയും മെഡിക്കല്‍ ഉപകരണങ്ങളായ വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളും നല്‍കാന്‍ ഇന്ത്യ സന്നദ്ധരാണെന്നും മന്ത്രാലയം അറിയിച്ചു.

വൈറസിന്റെ ജനിതക നിരീക്ഷണത്തിലും സ്വഭാവമാറ്റങ്ങളിലും ബന്ധപ്പെട്ട ഗവേഷണപ്രവര്‍ത്തനങ്ങളിലും ആഫ്രിക്കയുമായി സഹകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യ ഇതുവരെ, ആഫ്രിക്കയിലെ 41 രാജ്യങ്ങളിലേക്ക് 25 ദശലക്ഷത്തിലധികം ഇന്ത്യന്‍ നിര്‍മിത വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്, ഇതില്‍ 16 രാജ്യങ്ങള്‍ക്ക് ഗ്രാന്റായി ഒരു ദശലക്ഷം ഡോസുകളും 33 രാജ്യങ്ങള്‍ക്ക് കൊവാക്‌സിന് കീഴില്‍ 16 ദശലക്ഷത്തിലധികം ഡോസുകളും ഇതിനോടകം നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: India offers support to Africa to deal with new corona virus variant Omicron