ന്യൂദല്‍ഹി: ഇന്ത്യക്ക് നല്‍കുന്ന വ്യാപാര മുന്‍ഗണന ജൂണ്‍ അഞ്ച് വരെയേയുള്ളൂവെന്ന് യു.എസ് പ്രഖ്യാപനം വന്നതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. യു.എസിന്റെ ആവശ്യങ്ങള്‍ പരിശോധിച്ചുകൊണ്ട് ഇന്ത്യ മുന്നോട്ടുവെച്ച പ്രമേയത്തെ യു.എസ് തള്ളുകയാണുണ്ടായതെന്നാണ് വാണിജ്യ മന്ത്രാലയം പറയുന്നത്.
‘ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിന്റെ ഭാഗമായി യു.എസ് മുന്നോട്ടുവെച്ച അപേക്ഷ പരിശോധിച്ചുകൊണ്ട് ഇരുരാജ്യങ്ങള്‍ക്കും അനുയോജ്യമായ സുപ്രധാന പ്രമേയം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതിന് യു.എസിന്റെ അംഗീകാരം ലഭിച്ചില്ലയെന്നത് ദൗര്‍ഭാഗ്യകരമാണ്.’ എന്നാണ് വാണിജ്യ മന്ത്രാലയം പറയുന്നത്.
നിലവിലെ പ്രശ്‌നങ്ങള്‍ സ്ഥിരം നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ഉടന്‍തന്നെ പരസ്പര ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതാണെന്നും വാണിജ്യ മന്ത്രാലയം അവകാശപ്പെട്ടു.
‘ബന്ധങ്ങളില്‍, പ്രത്യേകിച്ച് സാമ്പത്തിക ബന്ധങ്ങളില്‍ പരസ്പരം ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. സ്ഥിരം നടപടികളുടെ ഭാഗമായാണ് ഈ പ്രശ്‌നത്തെയും കാണുന്നത്. സാമ്പത്തിക കാര്യങ്ങളിലും ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും യു.എസുമായി ശക്തമായ ബന്ധം സൃഷ്ടിക്കുന്നത് തുടരും.’ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
യു.എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു വെള്ളിയാഴ്ച ട്രംപ് ഇന്ത്യക്ക് നല്‍കുന്ന വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
ബുധനാഴ്ചയോടെ ഇന്ത്യയെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസില്‍ (ജി.എസ്.പി) നിന്ന് പുറത്താക്കും. വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന ‘ജനറലൈസ്ഡ് സിസ്റ്റം ഒഫ് പ്രിഫറന്‍സസ്’ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്നു ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ട്രംപ് പ്രഖ്യാപിച്ചത്.
കഴിഞ്ഞദിവസം ട്രംപ് രണ്ടാം മോദി സര്‍ക്കാറിന് ആശംസകള്‍ നേരുകയും ഇന്ത്യയുമായുള്ള ബന്ധം തുടര്‍ന്നും മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടു പോകണമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുമായി അടുത്ത സൗഹൃദമുണ്ടെന്നും എന്നാല്‍ ഈ സൗഹൃദത്തെ കച്ചവടവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നുമാണ് യു.എസിന്റ നിലപാട്.
ഈ വ്യാപാര ഉടമ്പടിയിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ ഉടമ്പടിയുടെ ആനുകൂല്യത്തില്‍ 2017ല്‍ യു.എസിലേക്ക് 5.6 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.
ഇന്ത്യയെ കൂടാതെ തുര്‍ക്കിയേയും യു.എസ് മുന്‍ഗണനാ കരാറില്‍ നിന്ന് പുറത്താക്കാനൊരുങ്ങുകയാണ്. തുര്‍ക്കിയെ ഇനിയും വികസ്വര രാജ്യമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് യു.എസിന്റെ വിശദീകരണം.